ചണ്ഡീഗഡ്:പഞ്ചാബില്‍ അഴിമതി കേസില്‍ കേസില്‍ അറസ്‌റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്‌ലിയുടെ മകന്‍ കാര്‍ത്തിക്ക് പോപ്‌ലി വെടിയേറ്റ് മരിച്ചു. കാര്‍ത്തിക്ക് ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ മകനെ വെടിവെച്ചു കൊലപ്പെടുത്തിയതാണെന്ന് സഞ്‌ജയ് പോപ്‌ലി ആരോപിച്ചു.
'സംഭവത്തിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. എന്‍റെ കണ്‍മുന്നിലിട്ടാണ് അവരെന്‍റെ മകനെ വെടിവെച്ചതെന്ന് സഞ്‌ജയ് വ്യക്തമാക്കി. റെയ്‌ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സഞ്‌ജയ് പോപ്‌ലിയോട് ചില രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ ബന്ധുക്കളില്‍ ഒരാളായ അനുപ്രീത് കുലാര്‍ പറഞ്ഞു'.
ഒപ്പിടാന്‍ തയ്യാറായില്ലെങ്കില്‍ അത് മകന് നല്ലതായിരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി അനുപ്രീത് വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണസംഘം കാര്‍ത്തിക്കിനെ മുകളിലെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. ഞങ്ങള്‍ താഴെ നില്‍ക്കുമ്പോള്‍ കുറച്ച് സമയത്തിന് ശേഷം മുകളില്‍ നിന്നും ഒരു വെടിയുടെ ശബ്‌ദം കേട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തിനായി വിജിലന്‍സ് സംഘം സഞ്‌ജയ് പോപ്‌ലിയുടെ വീട്ടില്‍ പോയിരുന്നു. ഈ സമയം കാര്‍ത്തിക്ക് പോപ്‌ലി പിതാവിന്‍റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ചണ്ഡീഗഡ് സീനിയര്‍ എസ് പി കുല്‍ദീപ് ചാഹല്‍ പറഞ്ഞു. വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
' സഞ്‌ജയ്‌ക്കെതിരെ തെറ്റായ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയരുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തെളിവുകള്‍ക്കായി അവര്‍ വീട്ടുജോലിക്കാരെ ഭീഷണിപ്പെടുത്തി. മകനെ കൊലപ്പെടുത്തി. ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിന് കീഴിലാണെന്നും സഞ്‌ജയ് പോപ്‌ലിയുടെ ഭാര്യ ആരോപിച്ചു'.
കരാറുകാരനില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ജൂണ്‍ 20-നാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ഈ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് വിജിലന്‍സ് സംഘം അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്. റെയ്‌ഡില്‍ 12 കിലോയോളം സ്വര്‍ണവും, മൂന്ന്കിലോ വെള്ളിയും, മൊബൈല്‍ ഫോണുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.