നാഗ്‌പൂർ : മഹാരാഷ്‌ട്രയിൽ സ്‌മാർട്‌ഫോൺ വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി (Son Killed Mother). ഒക്‌ടോബർ 18 ന് നാഗ്‌പൂർ സിറ്റിയിലെ ഹുഡ്‌കേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നാഗ്‌പൂർ സ്വദേശിനിയായ കമലാഭായി ഗുലാബ്‌റാവു ബദ്വൈക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ മകൻ രാംനാഥ് ഗുലാബ്‌റാവു ബദ്വൈകിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
കമലാഭായിയുടെ ഇളയമകൻ ദീപക്കിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നാഗ്‌പൂരിലെ സന്ത് ഗജാനൻ മഹാരാജ് നഗറിലാണ് തന്‍റെ അമ്മയും മൂത്തസഹോദരൻ രാംനാഥും താമസിച്ചിരുന്നതെന്നും ഒക്‌ടോബർ 18 ന് സുഹൃത്ത് മുഖേനയാണ് അമ്മയെ ആരോഗ്യപ്രശ്‌നങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിഞ്ഞതെന്നും ദീപക് പൊലീസിനോട് പറഞ്ഞു. പിന്നീട് ആശുപത്രിയിൽ വെച്ച് അമ്മ മരണപ്പെട്ടതായി ഭാര്യയാണ് ദീപക്കിനെ അറിയിച്ചത്.
എന്നാൽ, കമലാഭായിയുടെ മൃതശരീരത്തിൽ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇടതുകൈയുടെ തള്ളവിരലിൽ മഷി പുരണ്ടതായും കാണപ്പെട്ടു. ശരീരത്തിലെ ആഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു. രാംനാഥിനോട് തെരക്കിയപ്പോൾ അയാൾ ഒഴിഞ്ഞുമാറുകയാണ് ചെയ്‌തതെന്ന് ദീപക് പറഞ്ഞു. പിന്നീട് സഹോദരന്‍റെ സംശയാസ്‌പദമായ പെരുമാറ്റത്തെ തുടർന്ന് ദീപക് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.