ബസിര്‍ഹത് (പശ്ചിമ ബംഗാള്‍):സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ മകന്‍ അമ്മയെ തല്ലി, വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ഇതോടെ അമ്മ കോടതിയെ സമീപിച്ചു. അറുപത്തഞ്ചുകാരിയായ മാതാവ് അഞ്ജലി ബാല ഘോഷാണ് മകന്‍ ദീപാങ്കർ ഘോഷിനെതിരെ കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് പൂട്ട് തകര്‍ത്ത് വൃദ്ധയെ വീട്ടില്‍ കയറ്റി താമസിപ്പിക്കാന്‍ ലോക്കല്‍ പൊലീസിനോട് കോടതി ഉത്തരവിട്ടു.
ബസിര്‍ഹത്തിലുള്ള നോർത്ത് 24 പർഗാനാസ് സ്വരൂപ് നഗറിലെ ബിത്താരി-ഹക്കിംപൂർ പഞ്ചായത്തിലെ ഘോഷ്പര ഗ്രാമത്തിലാണ് സംഭവം. അഞ്ജലി ബാല ഘോഷിന്‍റെ ഭര്‍ത്താവ് ഘോഷ് ഏഴ് വർഷം മുമ്പ് മരിച്ചിരുന്നു. ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. മരിക്കുന്നതിന് മുമ്പ് ഘോഷ് തന്‍റെ പേരിലുള്ള തറവാട്ടുവീടും 15 കോട്ട പുരയിടവും ഭാര്യയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇത് മകന്‍ ദീപാങ്കർ ഘോഷിന് ഇഷ്‌ടപ്പെട്ടില്ല.
പ്രദേശത്ത് അറിയപ്പെടുന്ന മിഠായി വ്യവസായിയായ ദീപാങ്കർ പിതാവിന്‍റെ മരണശേഷം പൂര്‍വിക സ്വത്ത് തന്‍റെ പേരില്‍ എഴുതിക്കിട്ടാന്‍ വൃദ്ധയായ അമ്മയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ മാതാവ് സമ്മർദ്ദത്തിന് വഴങ്ങിയില്ല. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇയാള്‍ പല തവണ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് വസ്‌തുവകകള്‍ സ്വന്തമാക്കാന്‍ ഇയാള്‍ നിയമപരമല്ലാത്ത വഴി സ്വീകരിക്കുകയായിരുന്നു.
പ്രദേശവാസിയായ ഒരാൾക്ക് 30 ലക്ഷം രൂപയ്ക്ക് വീട് വിറ്റെന്നറിയിച്ച് ഇയാള്‍ അമ്മയെ മർദ്ദിച്ച് വീട്ടിൽ നിന്ന് പുറത്താക്കി. ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയയായ അവര്‍ ഒടുക്കം തെരുവിലേക്കിറങ്ങി. ദിവസങ്ങളോളം തെരുവിൽ കഴിഞ്ഞ അവര്‍ പിന്നീട് മകളുടെ വീട്ടിൽ താമസം ആരംഭിച്ചു. തുടര്‍ന്നാണ് അഞ്ജലി ബാല ഘോഷ് നീതിപീഠത്തെ സമീപിക്കുന്നത്. വ്യാജരേഖ ചമച്ച് മകന്‍ സ്വത്ത് കൈക്കലാക്കിയെന്ന് കാണിച്ചുള്ള പരാതിയില്‍ അഞ്ചുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ശനിയാഴ്ച (20.08.2022) ആ അമ്മയുടെ മുഖത്ത് ചിരിവിടര്‍ന്നു.
24 മണിക്കൂറിനുള്ളിൽ വൃദ്ധയെ വീട്ടിൽ പ്രവേശിപ്പിക്കാൻ സ്വരൂപ്‌നഗർ പൊലീസിനോട് ബസിർഹത് സബ് ഡിവിഷണൽ കോടതി ഉത്തരവിടുകയായിരുന്നു. അതിന് തടസമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കാനും പൊലീസിന് കോടതി നിർദേശം നൽകി. എല്ലാം ക്രമീകരിച്ചതിനൊടുവില്‍ പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് നിയമസംരക്ഷണത്തില്‍ അഞ്ജലി ബാല ഘോഷ് തന്‍റെ 'സ്വന്തം വീട്ടിലേക്ക്' മടങ്ങി.