മൈസൂരു:അച്ഛന്‍റെ മരണശേഷം കുടുംബത്തിന്‍റെ പ്രാരാബ്‌ധങ്ങള്‍ ഏറ്റെടുക്കുന്ന മക്കള്‍ ഏറെയുണ്ട്. അച്ഛന്‍ അവസാനിപ്പിച്ചയിടത്ത് വച്ച് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നവരെയും കാണാം. അത്തരത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞ അച്ഛന്‍റെ ആഗ്രഹങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ട് പിതാവിന്‍റെ പ്രാണന്‍റെ പാതിയെ അദ്ദേഹത്തിന്‍റെ തന്നെ സ്‌കൂട്ടറില്‍ കൂട്ടി തീര്‍ഥാടന യാത്ര നടത്തുകയാണ് ഈ മകന്‍.
ബെംഗളൂരുവില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന ഡി. കൃഷ്‌ണകുമാര്‍ എന്ന 44കാരനാണ് പിതാവിന്‍റെ ചേതക് സ്‌കൂട്ടറില്‍ അമ്മയേയും കൂട്ടി തീര്‍ഥാടന യാത്ര നടത്തുന്നത്. 2018ല്‍ ആരംഭിച്ച യാത്ര ഇതിനോടകം 65,025 കിലോമീറ്ററുകളും പിന്നിട്ടുകഴിഞ്ഞു. അമ്മയെ ലോകം ചുറ്റിക്കാണിച്ചേ അടങ്ങൂ എന്ന കൃഷ്‌ണ കുമാറിന്‍റെ ആഗ്രഹത്തിലാണ് യാത്ര സഫലമാകുന്നത് തന്നെ.
ഇനിയെന്തു നല്‍കണം: 73കാരിയായ ചൂടാരത്നമ്മ തന്‍റെ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഭര്‍ത്താവിനും മക്കള്‍ക്കുമായാണ് ചെലവഴിച്ചിരുന്നത്. അങ്ങനെയിരിക്കെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ ഭര്‍ത്താവ് മരണപ്പെട്ടു. ഭര്‍ത്താവിന്‍റെ വിയോഗത്തോടെ ചൂടാരത്നമ്മ ആരോടും മിണ്ടാതെയും ഏറിയ സമയവും ഒറ്റപ്പെട്ടും കാണപ്പെട്ടു. ഇതുകണ്ട് മകന്‍ കൃഷ്‌ണകുമാറിന് സഹിക്കാനായില്ല. തങ്ങളെ പോറ്റിവളര്‍ത്തിയ മാതാവിനെ പൂര്‍വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആ മകന്‍ ഓര്‍ത്തു. ഇതിന്‍റെ ഭാഗമായി ഒട്ടും മടികൂടാതെ ജോലി രാജിവച്ച് അമ്മയെയും കൂട്ടി രാജ്യമൊട്ടാതെ സഞ്ചരിക്കാമെന്നും തീരുമാനിച്ചു.
യാത്ര 'അച്ഛന്‍റെ ഓര്‍മ'കളില്‍:യാത്രയ്‌ക്ക് തയ്യാറെടുക്കുമ്പോഴും അച്ഛന്‍റെ വിടവ് വ്യക്തമായി തന്നെ ആ മകനെ വേട്ടയാടി. ഇതോടെ യാത്രയ്‌ക്ക് അച്ഛന്‍ നീണ്ട 20 വര്‍ഷക്കാലം ഹൃദയം പോലെ ചേര്‍ത്തുവച്ച ബജാജ് ചേതക് സ്‌കൂട്ടര്‍ തന്നെ കൂടെക്കൂട്ടാമെന്നും ഉറപ്പിച്ചു. യാത്രയിലുടനീളം അച്ഛനും ഒപ്പം കാണുമെന്ന വിശ്വാസം ആ മകനെ ആ തീരുമാനത്തിലേക്കടുപ്പിച്ചു. മാത്രമല്ല തങ്ങളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ അമ്മയ്‌ക്ക് എങ്ങോ നഷ്‌ടപ്പെട്ടുപോയ പുറം ലോക കാഴ്‌ചകള്‍ മടക്കിനല്‍കണമെന്ന് കൂടി തീരുമാനിച്ചതോടെ യാത്രയും വേഗത്തിലായി.
നീണ്ട സഞ്ചാരം: 2018 ജനുവരി 16നാണ് അമ്മയും മകനും തങ്ങളുടെ യാത്ര ആരംഭിക്കുന്നത്. അല്‍പം വിശ്രമങ്ങള്‍ക്കല്ലാതെ ഈ നാല് വര്‍ഷത്തിനിടെ ഇവര്‍ ഒരിടത്തും വാഹനം കൂടുതല്‍ സമയം നിര്‍ത്തിയിട്ടതുമില്ല. ഇതിനിടെ കന്യാകുമാരി, മധുര, രാമേശ്വരം, തിരുപ്പതി, കശ്മീർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്കൊപ്പം നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം തെലങ്കാനയിലെ പാലമുരുവിലെ ശ്രീ രാഘവേന്ദ്ര സ്വാമി മഠത്തിൽ ഇവരുടെ യാത്ര സമാപിച്ചു.
യാത്രയിലൊതുങ്ങുന്നില്ല:ക്ഷേത്രങ്ങളിലും ദേവീ ദേവന്മാരുടെ സന്നിധിയിലും അമ്മയെ എത്തിക്കുകയായിരുന്നില്ല കൃഷ്‌ണകുമാര്‍ ചെയ്‌തിരുന്നത്. കടന്നുപോയ വഴികളിലേയും പ്രദേശങ്ങളുടെയും സമ്പന്നമായ സംസ്കാരം, പാരമ്പര്യങ്ങൾ, ചരിത്രം, പ്രത്യേകതകൾ എന്നിവ അമ്മയ്‌ക്ക് പരിചയപ്പെടുത്തുക കൂടി അദ്ദേഹം ചെയ്‌തു. വേര്‍പാടിന് ശേഷം മാതാപിതാക്കളുടെ ചിത്രത്തില്‍ മാലയിട്ട് ബഹുമാനവും ആദരവും പിടിച്ചുപറ്റുന്നതിലുപരി മാതാപിതാക്കളോട് ജീവിതകാലത്ത് നല്ല രീതിയില്‍ പെരുമാറുന്നതിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന് കൃഷ്‌ണ കുമാര്‍ പറയുന്നു. നിത്യവും ഒരു മണിക്കൂറെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണമെന്ന നിര്‍ദേശവും യുവാക്കളോട് ഈ മകന്‍ പങ്കുവെക്കുന്നു.
'മഹീന്ദ്ര'യുടെ അന്വേഷണം: അതേസമയം യാത്ര ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇതിനെക്കുറിച്ച് മനസിലാക്കി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്‍റെ തലവനുമായ ആനന്ദ് മഹീന്ദ്ര ഇവരുടെ കഥ ട്വീറ്റ് ചെയ്‌തിരുന്നു. "ഒരു അമ്മയോടുള്ള സ്നേഹത്തെ കുറിച്ചും ഒരു രാജ്യത്തോടുള്ള സ്നേഹത്തെ കുറിച്ചുമുള്ള മനോഹരമായ ഒരു കഥ. ഇത് പങ്കുവച്ചതിന് മനോജിന് നന്ദി. നിങ്ങൾക്ക് അവരെ ഞാനുമായി ബന്ധിപ്പിക്കാൻ കഴിയുമെങ്കിൽ, അദ്ദേഹത്തിന് ഞാനൊരു ഒരു മഹീന്ദ്ര കെയുവി 100 എന്‍എക്‌സ്ടി സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നു. അതുവഴി അദ്ദേഹത്തിന് അടുത്ത യാത്രയില്‍ അമ്മയെ കാറില്‍ കയറ്റാന്‍ കഴിയുമല്ലോ"എന്നായിരുന്നു ഇത് പങ്കുവച്ച മനോജ് കുമാര്‍ എന്നയാളോടായി ആനന്ദ് മഹീന്ദ്രയുടെ മറുപടി.