ശ്രീനഗർ :ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യാഴാഴ്‌ചയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കുണ്ട് (4 Soldiers martyred in Jammu and Kashmir). ഭീകരർ സൈനികർ സഞ്ചരിച്ച വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു.ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബുധനാഴ്‌ച രാത്രി പൂഞ്ച് ജില്ലയിലെ താനമാണ്ഡി-സുരൻകോട്ട് മേഖലയിലെ ധേരാ കി ഗലി മേഖലയിൽ സൈന്യം സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നതായി ജമ്മു ആസ്ഥാനമായുള്ള പ്രതിരോധ പി ആർ ഒ ലഫ്റ്റനന്‍റ് കേണൽ സുനീൽ ബർത്വാൾ അറയിച്ചു.
കൂടുതൽ സേന സ്ഥലത്തേക്ക് നീങ്ങുന്നതിനിടെയാണ്, സൈനികരുടെ വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. ഒരു ട്രക്കിലും ജിപ്‌സിയിലുമായിരുന്നു സൈനികർ സഞ്ചരിച്ചത്. തുടര്‍ന്ന് സൈന്യം അതിവേഗം പ്രത്യാക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രജൗരി ജില്ലയിലെ ബാജിമാൽ വനമേഖലയിലെ ധർമ്മസാല്‍ മേഖലയില്‍ കഴിഞ്ഞ നവംബറില്‍ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പടെ അഞ്ച് സൈനികർ കൊല്ലപ്പെട്ട വലിയ വെടിവയ്പ്പ് നടന്നിരുന്നു. അധികം വൈകാതെയാണ് ഇപ്പോള്‍ വീണ്ടും ഭീകരർ പതിയിരുന്ന് ആക്രമണം നടത്തിയിരിക്കുന്നത്. നവംബറിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികരെയും 10 സാധാരണക്കാരെയും കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ഉന്നത കമാൻഡറും അദ്ദേഹത്തിന്‍റെ കൂട്ടാളിയും കൊല്ലപ്പെട്ടിരുന്നു.
2023 മെയ് മാസത്തിൽ, തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചമ്രേർ വനത്തിനുള്ളിൽവച്ച് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഏറ്റുമുട്ടലില്‍ ഒരു വിദേശ ഭീകരനും കൊല്ലപ്പെട്ടു. ഈ വർഷം, ഇതുവരെ രജൗരി, പൂഞ്ച്, റിയാസി ജില്ലകളിലായി 19 സുരക്ഷാ ഉദ്യോഗസ്ഥരും 28 ഭീകരരും ഉൾപ്പടെ 54 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദമാണ് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
രജൗരിയിൽ 10 ഭീകരരും 14 സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 31 പേരും, പൂഞ്ച് ജില്ലയിൽ 15 ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും 20 മറ്റുള്ളവരും കൊല്ലപ്പെട്ടു. റിയാസി ജില്ലയിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. കൂടുതല്‍ ഭീകരരും അതിർത്തിയിലെ നുഴഞ്ഞുകയറ്റത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.