ശ്രീനഗര്‍:അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ലെന്ന് പരാതി. ലഡാക്കില്‍ ജോലി ചെയ്‌തിരുന്ന ജാവേദ് അഹമ്മദ് വാനി (Javed Ahmad Wani) (25) എന്ന സൈനികനെ ശനിയാഴ്‌ച (ജൂലൈ 29) രാത്രിയിലാണ് കാണാതയത്. സൈനികനെ കണ്ടെത്താനുള്ള തെരച്ചില്‍ സുരക്ഷ സേന ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കുൽഗാം (Kulgam) ജില്ലയിലെ അചതൽ (Achathal) പ്രദേശത്തെ താമസക്കാരനാണ് കാണാതായ ജാവേദ്.
നാട്ടിലേക്ക് എത്തിയ ജാവേദ് അഹമ്മദ് വാനി ഇന്നലെ (ജൂലൈ 29) വൈകുന്നേരത്തോടെ വീട്ടിലേക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി ചൗവൽഗാമിലെ (Chowalgam) മാര്‍ക്കറ്റിലേക്ക് പോയിരുന്നു. സ്വന്തം കാറിലായിരുന്നു ജാവേദ് മാര്‍ക്കറ്റിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് സൈനികനെ കാണാതായത്.
മാര്‍ക്കറ്റിലേക്ക് പോയ ജാവേദ് മടങ്ങിയെത്താതെ വന്നതോടെ വീട്ടുകാര്‍ സൈനികനെ തെരഞ്ഞ് സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഈ തെരച്ചിലില്‍ സൈനികന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇവര്‍ കണ്ടെത്തി. മേഖലയിലെ പരൻഹാള്‍ (Paranhall) ഗ്രാമത്തില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്.
ജാവേദിന്‍റെ കാറിന്‍റെ ഡോര്‍ തുറന്നിട്ട നിലയിലായിരുന്നുവെന്നും കാറില്‍ നിന്നും ചെരുപ്പും രക്തക്കറയും കണ്ടെത്തിയിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുല്‍ഗാമില്‍ നിന്നും സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.