പൂഞ്ച് (ജമ്മു കശ്‌മീര്‍): പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്ക്. വെള്ളിയാഴ്‌ച രാത്രി ഗുല്‍പൂര്‍ സെക്‌ടറിലെ ഫോര്‍വേഡ് റേഞ്ചര്‍ നല്ലാ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇരുട്ടില്‍ മരങ്ങളുടെ മറവിലൂടെ ആയുധ ധാരികളായ മൂന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദ സംഘം സമീപത്തെ വനത്തില്‍ ഒളിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം വെള്ളിയാഴ്‌ച വടക്കൻ കശ്‌മീരിലെ അതിർത്തി ജില്ലയായ കുപ്‌വാരയിലെ മച്ചിൽ പ്രദേശത്ത് നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷന്‍റെ വിവരങ്ങള്‍ കശ്‌മീർ സോൺ പൊലീസ് ആണ് പങ്കുവച്ചത്.
വ്യാഴാഴ്‌ച (ജൂണ്‍ 22) ന് തെക്കൻ കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹെര മേഖലയിൽ രണ്ട് തീവ്രവാദികളെ സുരക്ഷ സേന അറസ്റ്റ് ചെയ്യുകയും ഇരുവരിൽ നിന്നും പണവും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുക്കുകയും ചെയ്‌തു. അർവാനി ബിജ്ബെഹറയിൽ താമസിക്കുന്ന അബ്രാർ ഉല്‍ ഹഖ് കറ്റൂ, അനന്ത്നാഗ് ജില്ലയിലെ ഷെട്ടിപോറ ബിജ്ബെഹറയിൽ താമസിക്കുന്ന തൗസീഫ് അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
ജൂണ്‍ 16നും കുപ്‌വാര ജില്ലയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അഞ്ച് വിദേശ തീവ്രവാദികളെയാണ് ഏറ്റുമുട്ടലില്‍ കശ്‌മീരില്‍ സൈന്യം വധിച്ചത്. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ജുംഗുണ്ട് ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കശ്‌മീർ സോൺ പൊലീസിന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഏറ്റുമുട്ടല്‍ സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവന്നിരുന്നു. അഞ്ച് വിദേശ തീവ്രവാദികളെ വധിച്ചതായും സുരക്ഷ സേന പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.
ജൂൺ രണ്ടിന് നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. രജൗരിയിലെ വനമേഖലയില്‍ സംശയാസ്‌പദമായ രീതിയില്‍ തീവ്രവാദ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് സൈന്യം തെരച്ചില്‍ നടത്തുകയും അത് പിന്നീട് തീവ്രവാദികളുമായി ഏറ്റുമുട്ടലായി മാറുകയും ചെയ്‌തത്.
പൂഞ്ചില്‍ നേരത്തെയും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പൂഞ്ചില്‍ പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരില്‍ ഒരാളെ വധിച്ചിരുന്നു. നിയന്ത്രണ രേഖ (എല്‍ഒസി) മറികടക്കാന്‍ ശ്രമിച്ച ആളാണ് കൊല്ലപ്പെട്ടത്. രണ്ടു പേരെ സൈന്യം പിടികൂടുകയും ചെയ്‌തിരുന്നു. പൂഞ്ച് ജില്ലയിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലായിരുന്നു സംഭവം.
പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് സമീപം അതിർത്തി വേലിക്ക് അരികില്‍ ഒരു കൂട്ടം ആളുകളെ സംശയകരമായ സാഹചര്യത്തില്‍ സൈന്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് സംഘത്തിലെ ഒരാളെ വധിച്ചത്. കൂട്ടത്തിലെ മറ്റു രണ്ടുപേര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇവരെ പരിക്കേറ്റ നിലയില്‍ പിടികൂടുകയായിരുന്നുവെന്ന് ആര്‍മി പിആര്‍ഒ ലഫ്‌റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
Also Read:J&K Encounter: ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍: 5 വിദേശ തീവ്രവാദികളെ വധിച്ച് സൈന്യം