ബംഗളുരു:സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം ആദിത്യയിലെ പേലോഡുകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഐഎസ്ആര്‍ഒ. പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.ആദിത്യയുടെ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പരിമെന്‍റ് ദൗത്യത്തിലെ പ്രധാന ഉപകരണമായ സോളാര്‍ വിന്‍ഡ് അയോണ്‍ സ്പെക്ട്രോ മീറ്റര്‍ അഥവ സ്വിസ്, ആണ് ഇപ്പോള്‍ പ്രവൃത്തിച്ചു തുടങ്ങിയത്.സ്വിസ് നവംബര്‍ രണ്ടിനാണ് പ്രവൃത്തിച്ചു തുടങ്ങിയതെന്ന് ഐ എസ് ആര്‍ ഒ സാമൂഹ്യ മാധ്യമമായ എക്സ് പ്ലാറ്റ് ഫോമില്‍ അറിയിച്ചു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ കണങ്ങളുടെ പ്രവാഹത്തെപ്പറ്റി പഠിക്കുന്ന സുപ്രതെര്‍മല്‍ ആന്‍ഡ് എനര്‍ജറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോ മീറ്റര്‍(സ്റ്റെപ്സ്) സെപ്റ്റംബര്‍ പത്തിന് തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു (Solar wind particle experiment payload onboard Aditya -L1 operational).
ഭൂമിയില്‍ നിന്ന് പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെ ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് പോയിന്‍റിലെ ഹാലോ ഓര്‍ബിറ്റാണ് ആദിത്യ എല്‍ 1 പേടകത്തിന്‍റെ ലക്ഷ്യം. അവിടേക്കുള്ള യാത്രയിലാണിപ്പോള്‍ ആദിത്യ പേടകം. അതിനിടെ തന്നെ പേടകത്തിലെ സുപ്രധാന ഉപകരണങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതില്‍ ഐ എസ് ആര്‍ ഒ വിജയിച്ചിരിക്കുകയാണ്. കൃത്യം ഒരു മാസം മുമ്പ് നവംബര്‍ രണ്ടിന് തന്നെ സൗര വാതങ്ങളെക്കുറിച്ച് പഠിക്കാനുള്ള SWIS സോളാര്‍ വിന്‍ഡ് അയോണ്‍ സ്പെക്ട്രോ മീറ്റര്‍ പ്രവൃത്തിച്ചു തുടങ്ങിയെന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്.രണ്ട് സെന്‍സറുകള്‍ ഉപയോഗിച്ചാണ് SWIS എന്ന സ്പെക്ട്രോമീറ്റര്‍ സൗരക്കാറ്റുകളിലെ അയോണുകളെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുക. ഇങ്ങിനെ രണ്ട് ദിവസം ശേഖരിച്ച വിവരങ്ങളുടെ ഗ്രാഫിക്കല്‍ ചിത്രണം അടങ്ങുന്ന ഹിസ്റ്റോഗ്രാം കൂടി ഇസ്റോ പങ്കുവെച്ചു.ഭൂമിയിലേക്കയച്ച ഈ വിവരങ്ങള്‍ ഇനി വിശകലനം ചെയ്യും. സൗര വാതങ്ങളിലെ ആല്‍ഫാ കണങ്ങളെക്കുറിച്ചും പ്രോട്ടോണുകളെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങള്‍ പേടകം ആദ്യം നല്‍കിയ ഡാറ്റയിലുണ്ടെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഇതടക്കം സൂര്യനെ നിരീക്ഷിക്കാനും പഠനങ്ങള്‍ നടത്താനുമുള്ള ഏഴ് ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്.
നാലു മാസം സമയമെടുത്താണ് 1500 കിലോ ഭാരമുള്ള പേടകത്തെ എല്‍ 1 പോയന്‍റിലേക്ക് എത്തിക്കുക. ഒരു തടസ്സവുമില്ലാതെ സൂര്യനെ ഏറ്റവുമടുത്ത് നിരീക്ഷിക്കാനാവുന്ന സ്ഥലമെന്ന നിലയിലാണ് എല്‍ 1 പോയിന്‍റ് പ്രധാനമാകുന്നത്. അവിടെ നിന്നും സൂര്യനെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ പേടകം ഭൂമിയിലേക്ക് അയക്കും. സൂര്യനിലെ കാലാവസ്ഥാ മാറ്റങ്ങള്‍, സൂര്യന്‍റെ പുറന്തോടെന്ന് അറിയപ്പെടുന്ന കൊറോണയെക്കുറിച്ചുള്ള പഠനം,സൂര്യന്‍റെ അകക്കാമ്പായ ഫോട്ടോസ്ഫിയറിന്‍റെ ഘടനയും രാസ വിന്യാസവും, സൗര വാതങ്ങള്‍, സൗര വികിരണങ്ങള്‍, ബഹിരാകാശത്തും ഭൗമ അന്തരീക്ഷത്തിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍, സോളാര്‍ മാഗ്നറ്റിക് ഫീല്‍ഡ്, സൂര്യനിലെ താപ ക്രമീകരണത്തിലെ പ്രത്യേകതകള്‍ എന്നിവയൊക്കെ ആദിത്യ പേടകം പഠിക്കും. നിഗൂഢതകളുടെ വിളനിലമായ സൂര്യനെക്കുറിച്ച് നിരവധിയായ വിവരങ്ങള്‍ ആദിത്യക്ക് നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നു. സൂര്യന്‍റെ അകത്തുനിന്ന് പുറത്തേക്ക് വരുമ്പോള്‍ ചൂട് കൂടി വരുന്നതിന്‍റെ കാരണം ആദിത്യ ആരായും. ഏറെക്കാലമായി പല ഏജന്‍സികളും അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത സമസ്യയാണിത്. സൂര്യനില്‍ നിന്നുള്ള അപകടകരമായ സൗര വികിരണങ്ങളും ഊര്‍ജ്ജ പ്രവാഹങ്ങളും പലപ്പോഴും ഭൂമിക്ക് ഭീഷണിയാണ്. ഇവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും സ്വഭാവ രീതിയും ആദിത്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.