സോളന്‍ (ഹിമാചല്‍ പ്രദേശ്):പിടിതരാതെ ഓട്ടം തുടര്‍ന്ന് തക്കാളി വില. വിലയില്‍ കുറവ് വരാതെ തുടരുന്ന പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളിലേക്കും തക്കാളി വിതരണം ചെയ്യുന്ന ഹിമാചൽ പ്രദേശിലെ സോളൻ പച്ചക്കറി മാർക്കറ്റിൽ റെക്കോഡ് വിലയ്‌ക്കാണ് തിങ്കളാഴ്‌ച (31.07.2023) തക്കാളി വിറ്റുപോയത്. അതായത് 25 മുതല്‍ 26 കിലോ വരുന്ന ഒരു പെട്ടി തക്കാളി വില്‍പന നടന്നത് 4100 രൂപയ്‌ക്കാണ്.
സോളന്‍ മാര്‍ക്കറ്റില്‍ നിന്നും ഈ വിലയ്‌ക്ക് ഹരിയാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് 100 മുതല്‍ 150 ഓളം പെട്ടി തക്കാളിയാണ് വില്‍പന നടന്നത്. കര്‍ഷകനില്‍ നിന്നും കിലോയ്‌ക്ക് 164 രൂപ നിരക്കില്‍ ലഭിക്കുന്ന ഇവ ഉപഭോക്താക്കളിലെത്തുമ്പോള്‍ ഇരട്ടിയോടടുത്ത് വര്‍ധിക്കുമെന്നതും തീര്‍ച്ചയാണ്. നിലവില്‍ പല നഗരങ്ങളിലും 200 മുതല്‍ 240 രൂപയ്‌ക്കാണ് തക്കാളി വില്‍ക്കുന്നത്.
കണ്ണുതള്ളിച്ച് തക്കാളി വില:നാളിതുവരെ ഇത്രയും വിലയ്‌ക്ക് തക്കാളി വില്‍പന നടക്കുന്നത് കണ്ടിട്ടില്ലെന്ന് സോളന്‍ മാര്‍ക്കറ്റ് ഏജന്‍റ് കിഷോര്‍ കുമാര്‍ പറഞ്ഞു. ആഴ്‌ചയുടെ തുടക്കമായ തിങ്കളാഴ്‌ച തന്നെ വില 3500 രൂപയിൽ നിന്ന് 4000 രൂപയായി ഉയർന്നുവെന്നും ഇത്തവണ ഹിമാചൽ പ്രദേശിൽ തക്കാളി കൃഷി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. തക്കാളിയുടെ ഗുണനിലവാരം പരിഗണിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് മറ്റൊരു ഏജന്‍റ് തീർത്ഥാനന്ദ് ഭരദ്വാജും അറിയിച്ചു.
ആവശ്യക്കാര്‍ക്ക് കുറവില്ല: പ്രീമിയം ഗുണനിലവാരമുള്ള തക്കാളി പെട്ടി ഒന്നിന് 4100 രൂപയ്ക്കാണ് വിറ്റത്. ഒരു സാധാരണ ഹൈബ്രിഡ് തക്കാളി ഒരു പെട്ടി 2500 മുതൽ 3100 രൂപ വരെ വിറ്റഴിച്ചപ്പോൾ മികച്ച ഗുണനിലവാരമുള്ള ഹിംസോണ ഇനം 3200 മുതൽ 3500 രൂപ വരെ വിറ്റഴിച്ചതായും തീർത്ഥാനന്ദ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ 27 വർഷത്തിനിടയിൽ ഇതുപോലൊന്ന് താന്‍ കണ്ടിട്ടില്ലെന്നും കർഷകർക്ക് തത്‌കാലം നല്ല വില ലഭിക്കുമെന്നത് മാത്രമാണ് ആശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം സോളൻ, സിർമൗർ, ഷിംല, മാണ്ഡി എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 10,000 മുതല്‍ 12,000 പെട്ടി തക്കാളി സോളൻ പച്ചക്കറി മാർക്കറ്റിൽ എത്തുന്നുണ്ട്. സോളനിൽ നിന്ന് ഡൽഹിയിലേക്കോ പഞ്ചാബിലേക്കോ ഉത്തർപ്രദേശിലേക്കോ കൊണ്ടുപോകുമ്പോൾ പച്ചക്കറിയുടെ ഗുണനിലവാരം പരിരക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. തക്കാളി കുറവ് ദിവസം മാത്രമെ കേടുവരാതെ ഇരിക്കുകയുള്ള എന്നത് പരിഗണിച്ച്, വാങ്ങുന്നവര്‍ എപ്പോഴും ഗുണമേന്മയില്‍ ഊന്നല്‍ നല്‍കാറുണ്ടെന്നും തീർത്ഥാനന്ദ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
തക്കാളി മോഷണം തുടര്‍ക്കഥ: കഴിഞ്ഞദിവസം തെലങ്കാനയിൽ ഹെൽമെറ്റ് ധരിച്ചെത്തിയയാള്‍ ഇരുട്ടിന്‍റെ മറവില്‍ കടയിൽ നിന്ന് തക്കാളി മോഷ്‌ടിച്ച സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സഹീറാബാദിലെ പച്ചക്കറി മാർക്കറ്റിലായിരുന്നു ഈ സംഭവം. ഇവിടുത്തുകാരനായ ഒരു കർഷകൻ 40 പെട്ടി തക്കാളി വിൽക്കാനായി മാർക്കറ്റിൽ എത്തിച്ചിരുന്നു. പിറ്റേന്ന് മൊത്തലേലം നടക്കുന്നതിനാൽ പെട്ടികൾ മാർക്കറ്റിലെ തന്നെ കമ്മിഷൻ ഏജന്‍റിന്‍റെ കടയിൽ സൂക്ഷിച്ചു. എന്നാൽ അർധരാത്രിയ്‌ക്ക് ശേഷം, ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്‌ടാവ് കടയിലെത്തി മൂന്നുപെട്ടി തക്കാളി കവരുകയായിരുന്നു. ഈ മോഷണ ദൃശ്യം കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഏകദേശം 10,000 രൂപയുടെ തക്കാളിയാണ് മോഷ്‌ടിക്കപ്പെട്ടതെന്നായിരുന്നു കമ്മിഷൻ ഏജന്‍റിന്‍റെ വിശദീകരണം.