ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് (Digital Era) സ്‌മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയയും (Smartphones and Social Media) ആളുകളില്‍ എന്തുമാത്രം സ്വാധീനമാണ് ചെലുത്തുന്നതെന്ന് നമുക്കറിയാം. ഇളം തലമുറയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഇവ വല്ലാതെ സ്വാധീനം ചെലുത്തുന്നു. കുട്ടികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളര്‍ത്തിയെടുക്കേണ്ട കടമ നമുക്കുണ്ട് (Social Media And Child - Eenadu Editorial).
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കുട്ടികളിലേറെപ്പേരും സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തിന് വശംവദരായി പ്രതികൂല പരിതസ്ഥിതികളിലേക്കാണ് നീങ്ങുന്നത്. മൊബൈല്‍ ഫോണുകളുടെയും സമൂഹമാധ്യമങ്ങളുടേയും അമിത ഉപയോഗം കുട്ടികളെ വിര്‍ച്വല്‍ ലോകത്ത് തളച്ചിടുന്നു. തല്‍ഫലമായി മാനസികാരോഗ്യ പ്രശ്‌നങ്ങളും കുറ്റവാസനയും ഏറിവരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളിലും കൗമാരക്കാരിലും സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം പ്രസക്തമാകുന്നത്.
സ്‌മാര്‍ട്ട്‌ഫോണ്‍ തന്നെ കാര്യക്കാരന്‍:കൊവിഡ് മഹാമാരിക്ക് ശേഷം സ്‌മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയയും നമ്മുടെ സാധാരണ ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവരുടെ പതിവുകളിലൊന്നായി മാറിയിരിക്കുന്നു. അറിയാതെ പഠിത്തത്തില്‍ ഉഴപ്പാനും വീഡിയോ ഗെയിമുകളിലേക്കും വെബ് സീരീസുകളിലേക്കും ഒടിടികളിലെ ക്രൈം പരിപാടികളിലേക്കും ഒക്കെ വഴുതിമാറാനും ഇത് കുട്ടികള്‍ക്ക് കളമൊരുക്കുന്നു.
കുട്ടികളുടെ അമിതസ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിന്‍റെ കാര്യത്തിലും സോഷ്യല്‍ മീഡിയക്ക് അടിമപ്പെടുന്നതിലും വിദഗ്‌ധര്‍ ചെറുതല്ലാത്ത ആശങ്ക പങ്കുവയ്ക്കുകയാണ്. ഇത് കണക്കിലെടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിനും രജിസ്ട്രേഷനും പ്രായപരിധി നിശ്ചയിക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ രജിസ്ട്രേഷന് 18 വയസ്സോ 21 വയസ്സോ പ്രായപരിധി വയ്‌ക്കണമെന്നാണ് കര്‍ണാടക ഹൈക്കോടതി (Karnataka High Court) നിര്‍ദേശിച്ചത്.
Also Read: India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍
പഠനങ്ങളില്‍ ഇങ്ങനെ :ലോക്കല്‍ സര്‍ക്കിള്‍സ് അടുത്തയിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ ഏറിയ കൂറും തങ്ങളുടെ കുട്ടികളുടെ അമിത ഡിജിറ്റല്‍ മീഡിയ ഉപയോഗത്തില്‍ ആശങ്ക പങ്കുവയ്ക്കുകയായിരുന്നു. നഗര മേഖലകളില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ സോഷ്യല്‍ മീഡിയക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും അടിമപ്പെട്ടുവെന്ന് വെളിപ്പെടുത്തി. മൂന്നിലൊരാള്‍ എന്ന തോതില്‍ കണ്ടുവരുന്ന ഈ അഡിക്ഷന്‍ കുട്ടികളെ അലസരും വിഷാദ രോഗികളുമാക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഡിജിറ്റല്‍ മീഡിയ ഉപയോഗത്തിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കുന്ന തരത്തില്‍ നിയമം വേണമെന്ന് സര്‍വേയില്‍ പങ്കെടുത്ത രക്ഷിതാക്കളില്‍ 73 ശതമാനം പേരും അഭിപ്രായപ്പെട്ടത് സാഹചര്യം എത്രത്തോളം ഗൗരവതരമാണെന്നത് അടിവരയിടുന്നു.
ഒമ്പത് വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 46 ശതമാനം ദിവസവും മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ ഓണ്‍ലൈന്‍ ഗെയിമുകളിലോ സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലോ ചെലവഴിക്കുന്നുവെന്നാണ് സര്‍വേയില്‍ വ്യക്തമായത്. 15 ശതമാനം കുട്ടികള്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ഫോണില്‍ ചെലവഴിക്കുന്നുണ്ടെന്നും വെളിപ്പെട്ടു.
കുട്ടികളും സ്‌മാര്‍ട്ട്‌ഫോണും :ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നടത്തിയ മറ്റൊരു പഠനത്തില്‍ പറയുന്നത് ഇതേ പ്രായപരിധിയില്‍പ്പെട്ട 15 ശതമാനത്തിലേറെ കുട്ടികള്‍ നിത്യേന നാല് മണിക്കൂറില്‍ക്കൂടുതല്‍ സ്‌മാര്‍ട്ട് ഫോണില്‍ ചെലവഴിക്കുന്നുവെന്നാണ്. ഇങ്ങനെ ഡിജിറ്റല്‍ ലോകത്തില്‍ മുഴുകുന്നതിന്‍റെ പ്രത്യാഘാതം ഭീകരമാണ്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം കുട്ടികളും സമ്മതിച്ചു.
ഇങ്ങനെ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് സ്‌മാര്‍ട്ട് ഫോണുപയോഗിക്കുക വഴി 76 ശതമാനം കുട്ടികള്‍ക്കും ഉറക്ക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇതിന്‍റെ അനന്തര ഫലങ്ങള്‍ മാരകമാണ്. വര്‍ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വ്യായാമത്തിന്‍റേയോ കായികാധ്വാനത്തിന്‍റേയോ അഭാവത്താല്‍ വര്‍ധിച്ചുവരുന്ന അമിതവണ്ണം, നേത്ര രോഗങ്ങള്‍, കാഴ്‌ച പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ചെറുപ്പക്കാരില്‍ ഏറിവരികയാണ്.
Also Read: Artificial Intelligence And India : സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് നിര്‍ണായക പങ്ക് ; ഇന്ത്യയും എഐയിലെ ഭാവിയും
കൊവിഡിനുശേഷം ഈ സ്ക്രീന്‍ ടൈം വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ചലച്ചിത്രങ്ങളിലേയും സീരിയലുകളിലേയും വെബ് സീരീസുകളിലേയും അക്രമ, ഹിംസാരംഗങ്ങള്‍ തുടര്‍ച്ചയായി കാണുന്നത് കാരണം കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം ഏറിവരുന്നതും മറ്റൊരു പ്രത്യാഘാതമാണ്. സ്ക്രീന്‍ ടൈം ഉപയോഗം കുറയ്ക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറയുമ്പോള്‍ യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതും നിലവിട്ട് പെരുമാറുന്നതുമൊക്കെ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്.
നയരൂപീകരണം അത്യാവശ്യം : കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗവും സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗവും നിയന്ത്രിക്കാനും മാതാപിതാക്കളുടെ അനുമതിയോടെ മാത്രമാക്കാനും നിയമ നിര്‍മാണം അനിവാര്യമായിരിക്കുകയാണ്. ഇതിനായി ശക്തമായ നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തിറങ്ങണം. മിനിമം പ്രായപരിധി പാലിച്ചുകൊണ്ടുമാത്രം കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന തരത്തില്‍ നിയമ നിര്‍മാണം നടത്തണം.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിനും മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കണം. രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. നിശ്ചിത സമയത്ത് പഠനാവശ്യത്തിനോ വിനോദ പരിപാടികള്‍ കാണാനോ മാത്രമാണ് കുട്ടികള്‍ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം.
ചൈനീസ് മോഡല്‍ :ഇക്കാര്യത്തില്‍ ചൈനയെ നമുക്ക് മാതൃകയാക്കാവുന്നതാണ്. ചെറുപ്പക്കാരിലെ സ്‌മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ചൈനീസ് മാതൃകയിലുള്ള അതിശക്തമായ നിയന്ത്രണങ്ങള്‍ ഇവിടേയും നടപ്പാക്കണം. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാവുന്ന സമയം ചൈന പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് കൃത്യമായി നടപ്പാക്കുന്നുമുണ്ട്. സ്‌മാര്‍ട്ട് ഫോണുകളും ടാബുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ചുള്ള അധ്യയനത്തിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് യുനെസ്കോ അടുത്തിടെ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Also Read: സങ്കുചിത ചിന്താഗതിയും, സ്വാർഥ രാഷ്ട്രീയവും, മറുകണ്ടം ചാടലും ; രാജ്യത്ത് പ്രതിപക്ഷ ഐക്യം സാധ്യമോ ?
ഈ ദോഷഫലങ്ങള്‍ മറികടക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യത്തിന് അധ്യാപകരെ നിയമിച്ച് കുട്ടികള്‍ അമിതമായി ഓണ്‍ലൈന്‍ ലേണിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് ചെറുക്കണമെന്ന് യുനെസ്കോ നിര്‍ദേശിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് കടന്നുകയറി ഡിജിറ്റല്‍ മീഡിയ അവരുടെ ജീവിതം തുലയ്ക്കുന്നത് നമ്മളെയൊന്നാകെ ആശങ്കാകുലരാക്കുന്ന വിഷയമാണ്.
അവരുടെ സ്വഭാവത്തേയും പെരുമാറ്റത്തേയും ആരോഗ്യത്തേയുമൊക്കെ ദോഷകരമായി ബാധിക്കുന്നതുകൊണ്ടുതന്നെ നമ്മുടെ കുട്ടികള്‍ സ്‌മാര്‍ട്ട് ഫോണ്‍ കെണിയില്‍പ്പെട്ട് പോകുന്നതും ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗത്തിന് അടിപ്പെടുന്നതും ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ കൂടിയേ തീരൂ.സര്‍ക്കാരുകളുടേയും രക്ഷിതാക്കളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയുമൊക്കെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. അതുവഴി കര്‍മ്മോല്‍സുകരും ആരോഗ്യവാന്‍മാരുമായ ഒരു യുവതലമുറയെ നമുക്ക് വാര്‍ത്തെടുക്കാം.