ന്യൂഡല്‍ഹി : സി ബി ഐയുടെ ആവശ്യപ്രകാരം എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് മുപ്പത്തിനാലാം തവണയാണ് കേസ് മാറ്റുന്നത് (SNC Lavalin Case Postponed Again ). ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്ര, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചായിരുന്നു ഇന്ന് കേസ് പരിഗണിച്ചത്.
ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോഴും സി ബി ഐയുടെ (CBI) ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി കേസ് സെപ്റ്റംബറിലേക്ക് മാറ്റിയിരുന്നു. ഇന്നേദിവസം, ഇരുപത്തിയാറാമത്തെ കേസായി പരിഗണനയ്ക്ക് വന്നപ്പോള്‍ തങ്ങള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് തിരക്കുകാരണം എത്താനാവില്ലെന്ന് സി ബി ഐ അറിയിക്കുകയായിരുന്നു. അഭിഭാഷകന്‍ എസ് വി രാജു (S V Raju) മറ്റൊരു കേസുമായി ബന്ധപ്പെട്ട് മറ്റൊരു കോടതിയിലായതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചത്.
ഒരു ഘട്ടത്തില്‍ കേസ് കുറച്ചുകഴിഞ്ഞ് പരിഗണിക്കാനാകുമോ എന്ന് ഡിവിഷന്‍ ബെഞ്ച് ആരായുന്ന സ്ഥിതിവിശേഷവുമുണ്ടായി. എന്നാല്‍ തങ്ങളുടെ അഭിഭാഷകന് ഇന്ന് എത്താനാവില്ലെന്ന് സി ബിഐ ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് മാറ്റിവയ്ക്കുന്നതിനോട് പ്രതിഭാഗവും എതിര്‍പ്പ് രേഖപ്പെടുത്താതിരുന്നതോടെ കേസ് മുപ്പത്തിനാലാം തവണയും മാറ്റിവയ്ക്കുകയായിരുന്നു.
ലാവലിന്‍ കേസിന്‍റെ നാള്‍വഴി :പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി കരാറുണ്ടാക്കിയതിലെ ക്രമക്കേടുവഴി സംസ്ഥാന ഖജനാവിന് 374 കോടിയുടെ നഷ്ടം വരുത്തിവച്ചു എന്നായിരുന്നു കേസ്. 2006 മാര്‍ച്ച് ഒന്നിന് യു ഡി എഫ് സര്‍ക്കാരാണ് എസ് എന്‍ സി ലാവലിന്‍ കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനമെടുത്തത്. പിന്നീടുവന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ (V S Achuthanandan Government) സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് തീരുമാനമെടുത്തു. പക്ഷേ കേസ് സി ബി ഐക്ക് വിടാന്‍ 2007 ജനുവരി 16ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
1996- 98 കാലയളവില്‍ നായനാര്‍ മന്ത്രിസഭയിലെ (E K Nayanar Ministry) വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവരെയടക്കം പ്രതിചേര്‍ത്ത് 2009 ജൂണ്‍ 11ന് സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയായിരുന്നു. 2013ല്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് പ്രത്യേക സി ബി ഐ കോടതി ഒഴിവാക്കി. 2017ല്‍ ഹൈക്കോടതി പിണറായി വിജയനെയും, കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കി. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബറില്‍ സി ബി ഐ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസാണ് പലതവണ മാറ്റിവച്ച ശേഷം ഇന്ന് വീണ്ടും പരിഗണനയ്ക്ക് വന്നത്.