ചെന്നൈ :തായ്‌ലൻഡിൽ നിന്ന് അനധികൃതമായി കടത്തിയ പാമ്പുകളും മറ്റ് മൃഗങ്ങളുമായി യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍. രാമനാഥപുരം സ്വദേശി മുഹമ്മദ് ഷക്കീലാണ് (21) അറസ്റ്റിലായത്. ഓഗസ്റ്റ് 12 ന് രാത്രി ചെന്നൈ വിമാനത്താവളത്തില്‍ യുവാവ് എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെടുത്തത്.
തായ്‌ലൻഡിൽ നിന്ന് അനധികൃതമായി കടത്തിയ പാമ്പുകളും മറ്റ് മൃഗങ്ങളുമായി യുവാവ് പിടിയില്‍ വിഷമില്ലാത്ത 20 പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു കുരങ്ങന്‍ എന്നിവയെ വിമാനത്താവളത്തിലെ പരിശോധനയില്‍ പിടികൂടി. ഇയാള്‍ കൈവശംവച്ചിരുന്ന വലിയ കുട്ട തുറന്ന് നോക്കിയപ്പോഴാണ് നിയമംഘനം ശ്രദ്ധയില്‍പ്പെട്ടത്. മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നവയാണ് ഈ പാമ്പുകളും കുരങ്ങുകളും ആമകളും.
'മൃഗങ്ങളെ തിരിച്ചയക്കും':വടക്കേ അമേരിക്കയിൽ നിന്നുള്ള വിഷമില്ലാത്ത 15 കിങ് പാമ്പുകൾ (king Snakes), പടിഞ്ഞാറൻ, മധ്യ ആഫ്രിക്കയിലെ കാടുകളിൽ നിന്നുള്ള അഞ്ച് ചെറിയ ഇനം പെരുമ്പാമ്പുകൾ, സീഷെൽസിൽ നിന്നുള്ള രണ്ട് ആമകള്‍, കുരങ്ങന്‍ എന്നിവ ഉള്‍പ്പടെ ആകെ 23 മൃഗങ്ങളാണുള്ളത്. ഇവയെ തായ്‌ലൻഡിലേക്ക് തിരിച്ചയക്കാനും പ്രതിയില്‍ നിന്ന് ചെലവ് ഈടാക്കാനും തീരുമാനിച്ചതായി കേന്ദ്ര വനം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.
മറ്റ് രാജ്യങ്ങളില്‍ നിന്നും മൃഗങ്ങളെ കൊണ്ടുവരുന്നതില്‍ പാലിക്കേണ്ട അന്താരാഷ്‌ട്ര വനം - ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ ഹാജരാക്കിയിരുന്നില്ല. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമില്ലാത്ത സാഹചര്യത്തിലാണ് മൃഗങ്ങളെ തിരിച്ചയക്കുന്നത്. 10 ദിവസം മുന്‍പാണ് ഇയാള്‍ ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയത്.