കേരളം

kerala

ETV Bharat / bharat

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ചക്രത്തിന് തീപിടിച്ചു; കൃത്യസമയത്ത് ഇടപെട്ട് അധികൃതര്‍, ഒഴിവായത് വന്‍ ദുരന്തം

ഡല്‍ഹി- ജയ്‌പൂര്‍ റൂട്ടില്‍ ഓടുന്ന സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനിലായിരുന്നു അമിതമായി ചക്രം ചൂടായത് മൂലം തീപിടിത്തമുണ്ടായത്.

double decker train  train off to delhi  smoke from the wheels  train fire  fire in running train  train wheel fire  latest national news  ട്രെയിനിന്‍റെ ചക്രത്തിന് തീപിടിച്ചു  ഒഴിവായത് വന്‍ ദുരന്തം  ഡല്‍ഹി  ജയ്‌പൂര്‍  സൂപ്പര്‍ഫാസ്‌റ്റ്  തീപിടിത്തം  ട്രെയിനിന്‍റെ ചക്രത്തിന് തീപിടിത്തം  രാജസ്ഥാന്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ചക്രത്തിന് തീപിടിച്ചു; കൃത്യസമയത്ത് ഇടപെട്ട് അധികൃതര്‍, ഒഴിവായത് വന്‍ ദുരന്തം

By

Published : Apr 17, 2023, 6:18 PM IST

ആള്‍വാര്‍(രാജസ്ഥാന്‍):ഓടിക്കൊണ്ടിരുന്നട്രെയിനിലെ ഡബിള്‍ ഡെക്കര്‍ കോച്ചിലെ ചക്രത്തില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഡല്‍ഹി- ജയ്‌പൂര്‍ റൂട്ടില്‍ ഓടുന്ന സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനിനായിരുന്നു തീപിടിത്തമുണ്ടായത്. കോച്ചിന് തീപിടിത്തമുണ്ടായി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബസ്‌വ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു.

വിവരം ലഭിച്ചയുടന്‍ തന്നെ റെയില്‍വേ അധികൃതരും എഞ്ചിനിയര്‍മാരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീപിടിത്തമുണ്ടായ കോച്ചില്‍ അറ്റകുറ്റപണികള്‍ നടത്തിയ ശേഷം എഞ്ചിനിയര്‍മാര്‍ ട്രെയിന്‍ പൂര്‍വസ്ഥിതിയിലാക്കി. അധികൃതരുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടര്‍ന്ന് തീ നിയന്ത്രിക്കാന്‍ സാധിച്ചു.

പരിഭ്രാന്തരായി യാത്രക്കാര്‍: തീപിടിത്തം മൂലമുണ്ടായ തകരാറുകള്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര പുറപ്പെട്ടു. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ന്നിരുന്നു. അമിതമായി ചൂടായതിനെ തുടര്‍ന്നാണ് ട്രെയിനിന്‍റെ ചക്രത്തില്‍ നിന്ന് തീപടര്‍ന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വിവരം ലോക്കോപൈലറ്റിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിയ ലോക്കോപൈലറ്റ് അധികൃതരെ വിവരം അറിയിച്ചു. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തുമ്പോഴേയ്‌ക്കും യാത്രക്കാര്‍ തീ അണയ്‌ക്കുവാനുള്ള ശ്രമത്തിലായിരുന്നു.

ഒഴിവായത് വന്‍ ദുരന്തം: സ്ഥലത്തെത്തിയ റെയില്‍വേ എഞ്ചിനിയര്‍മാരും ട്രെയിനിന്‍റെ ചക്രം പരിശോധിച്ചു. തീയണച്ചതിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷ പരിശോധനകള്‍ നടത്തിയ ശേഷമാണ് ട്രെയിന്‍ ഡല്‍ഹിയിലേയ്‌ക്ക് യാത്ര പുറപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. കൃത്യസമയത്ത് ഇടപെട്ടതിനെതുടര്‍ന്ന് വലിയ അപകടം ഒഴിവായെന്നും ആളുകള്‍ക്ക് പരിക്കൊന്നുമില്ലെന്നും ബസ്‌വ റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് അറിയിച്ചു.

സമാനരീതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന് പാസഞ്ചര്‍ ട്രെയിനിന്‍റെ രണ്ട് കോച്ചുകളിലും തീപടര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നും ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെടുകയായിരുന്ന ട്രെയിനിനായിരുന്നു തീപടര്‍ന്നത്. ദൗറാല റെയില്‍വേ സ്‌റ്റേഷന് അടുത്തെത്തിയപ്പോഴായിരുന്നു തീപിടിത്തമുണ്ടായത്.

കോച്ചിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ട്രെയിനിന്‍റെ എഞ്ചിനിലേയ്‌ക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ മറ്റ് കോച്ചുകള്‍ എഞ്ചിനില്‍ നിന്ന് വിച്ഛേദിച്ചിരുന്നു.

സമാന സംഭവങ്ങള്‍ ഏറെ: കഴിഞ്ഞ വര്‍ഷം ജനുവരി 29ന് മഹാരാഷ്‌ട്രയില്‍ ഗാന്ധിധാം- പുരി എക്‌സ്‌പ്രസില്‍ തീപിടിത്തമുണ്ടായിരുന്നു. നന്ദൂര്‍ബാര്‍ സ്‌റ്റേഷന് സമീപമായിരുന്നു സംഭവം. ട്രെയിനിന്‍റെ പാന്‍ട്രി കാറിലാണ്(ട്രെയിനിലെ കലവറ) അഗ്നിബാധയുണ്ടായത്.

നന്ദൂര്‍ബാര്‍ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് 12993 ഗാന്ധിധാം-പുരി എക്‌സ്‌പ്രസിന് തീപിടിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങളും വെള്ളവും ഉപയോഗിച്ചാണ് ആദ്യഘട്ടത്തില്‍ തീയണയ്‌ക്കുവാനുള്ള ശ്രമം നടന്നത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

പാന്‍ട്രി കാര്‍ ട്രെയിനില്‍ നിന്നും വേര്‍പ്പെടുത്തിയാണ് അഗ്നിശമന സേന രക്ഷപ്രവര്‍ത്തനം നടത്തിയത്. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ സംഘവും ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി. ആകെ 22 കോച്ചുകളാണ് ട്രെയിനിനുണ്ടായിരുന്നത്. 13-ാമത്തെ കോച്ചായിരുന്നു പാന്‍ട്രി കാര്‍.

2021 വര്‍ഷത്തില്‍ ഉത്തരാഖണ്ഡില്‍ ഡല്‍ഹി- ഡെറാഡൂണ്‍ ശതാബ്‌ദി എക്‌സ്‌പ്രസിന് തീപിടിത്തമുണ്ടായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ട്രെയിനിലെ കമ്പാര്‍ട്‌മെന്‍റ് നമ്പര്‍ സി-4ലായിരുന്നു തീപിടിത്തമുണ്ടായത്. ഉത്തരാഖണ്ഡിലെ കാന്‍സൗറയ്‌ക്ക് സമീപം ട്രെയിന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details