ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ കണക്കുകൾ പ്രകാരം 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അതേസമയം ചൈനയുടെത് 142.57 കോടിയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് സിക്കിം. 6.90 ലക്ഷമാണ് സിക്കിമിലെ ജനസംഖ്യ. ഇതുപോലെ ലോകത്തിലെ ഇത്തിരിക്കുഞ്ഞൻമാരെ കുറിച്ചൊന്ന് നോക്കാം..
വത്തിക്കാൻ സിറ്റി:
ജനസംഖ്യയിലും വിസ്‌തൃതിയിലും ഏറ്റവും ചെറിയ രാജ്യമാണ് വത്തിക്കാൻ സിറ്റി. ഇവിടെ 518 പേരാണ് താമസിക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെയാണ് ഈ രാജ്യത്തിന്‍റെ വിസ്‌തീർണം. മതപ്രഭാഷകരും കന്യാസ്‌ത്രീകളുമാണ് ഇവിടെ താമസിക്കുന്നത്. സിസ്റ്റൈൻ ചാപ്പൽ, സെന്‍റ് പീറ്റേഴ്‌സ് ബസിലിക്ക, സെന്‍റ് പീറ്റേഴ്‌സ് സ്ക്വയർ തുടങ്ങിയവയാണ് പ്രധാന നിർമിതികൾ. ഏകദേശം 80,000 ആളുകൾക്ക് സ്ക്വയറിൽ താമസിക്കാം. മാർപാപ്പയുടെ സന്ദേശം കേൾക്കാനായി ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
തുവാലു:
ഹവായിയുടെയും ഓസ്‌ട്രേലിയയുടെയും നടുവിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 26 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ഈ രാജ്യത്ത് 11,396 ആളുകളാണ് താമസിക്കുന്നത്. സമുദ്ര നിരപ്പ് ഉയർന്നുവരുന്നതിനാൽ ഭാവിയിൽ ഈ രാജ്യം വെള്ളത്തിനടിയിലാകുമോ എന്ന ഭയമാണ് ഇവിടത്തെ ജനങ്ങൾക്ക്. പൂർവികർ പിന്തുടരുന്ന ജീവിതരീതികളാണ് ഇന്നും ഈ നാട്ടിലെ ജനങ്ങൾ പിന്തുടരുന്നത്. സാംസ്‌കാരിക പ്രവർത്തനങ്ങൾക്കാണ് ഇവിടെ മുൻഗണന. ബോട്ടുകൾ ഉണ്ടാക്കുന്നതാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ. ക്രിക്കറ്റിനോട് സാമ്യമുള്ള 'കിളികിറ്റി'യാണ് ഇവിടുത്തെ പ്രധാന വിനോദം. തേങ്ങ കൊണ്ടുള്ള വിഭവങ്ങളോടാണ് ഇവർക്ക് പ്രിയം.
നൗറു:
21 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് നൗറു. 12,780 ആണ് ഈ രാജ്യത്തെ ജനസംഖ്യ. കൃഷിയാണ് പ്രധാന വരുമാന മാർഗം. പൈനാപ്പിൾ, വാഴ, തെങ്ങ്, പച്ചക്കറികൾ എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. ഫോസ്ഫേറ്റ് ഖനനം മൂലം ഈ രാജ്യത്തെ 80 ശതമാനം ഭൂമിയും നശിച്ചു. മൂവായിരം വർഷങ്ങൾക്ക് മുൻപാണ് മനുഷ്യർ ഈ ദ്വീപിൽ പ്രവേശിച്ചതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് അവർ ഭക്ഷണത്തിനായി സമുദ്ര ജീവികളെ ആശ്രയിച്ചു. 1800-ലാണ് യൂറോപ്യന്മാർ ഈ ദ്വീപിലെത്തിയത്. മഹായുദ്ധങ്ങളുടെ കാലത്ത് ഈ രാജ്യത്തെ ജനങ്ങൾക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഇപ്പോൾ മുഴുവൻ ജനങ്ങളും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നു.
പലാവു:
459 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള രാജ്യമാണ് പലാവു. ഇവിടെ 18,508 പേർ താമസിക്കുന്നു. പസഫിക് ദ്വീപുകളിലെ ഒരു പ്രദേശമാണ് പലാവു. ക്രിസ്‌തുവിന് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഇവിടെ മനുഷ്യർ കുടിയേറി പാർക്കുകയായിരുന്നു. 1914-44 കാലഘട്ടത്തിൽ ജപ്പാന്‍റെ ഭരണത്തിന് കീഴിലായിരുന്നു ഈ രാജ്യം. അതിനുശേഷം അമേരിക്ക പലാവുവിനെ കീഴടക്കി. 1994ൽ പലാവു സ്വതന്ത്ര രാജ്യമായി. മനോഹരമായ നിരവധി ദ്വീപുകളാണ് ഇവിടെയുള്ളത്.
സാൻ മറിനോ:
61 ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ രാജ്യത്തെ ജനസംഖ്യ 33,642 ആണ്. എഡി 300-ൽ ഇവിടെ കുന്നിൻ മുകളിൽ ഒരു പള്ളി പണിതിരുന്നു. ക്രമേണ അത് ഒരു സ്വതന്ത്ര രാജ്യമായി രൂപാന്തരപ്പെട്ടു. 1862-ൽ ഗ്യൂസെപ്പെ ഗാരിബാൾഡി എന്ന ഇറ്റാലിയൻ ജനറൽ ഈ രാജ്യത്തിന് സ്വാതന്ത്ര്യം നൽകി. ഇറ്റലിയുടെ പുനരേകീകരണ സമയത്ത് ഗ്യൂസെപ്പും ഭാര്യയും ഇവിടെയാണ് ഒളിച്ച് താമസിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, ഇപ്പോൾ ആളോഹരി വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടായിട്ടുണ്ട്. രാജ്യത്തിന്‍റെ ഹൃദയഭാഗത്തുള്ള ടൈറ്റാനോ പർവതത്തിൽ നിർമിച്ച ഗ്വായ്റ്റ കോട്ടയാണ് മുഖ്യ ആകർഷണം