ന്യൂഡൽഹി :നവംബർ 29ന് പാർലമെന്‍റിലേക്ക് സംയുക്ത കിസാൻ മോർച്ച നടത്താനിരുന്ന ട്രാക്‌ടർ റാലി മാറ്റിവച്ചു. കർഷക നേതാവ് ദർശൻ പാൽ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപാണ് റാലി മാറ്റിവയ്ക്കാനുള്ള തീരുമാനം.
ശീതകാല സമ്മേളനത്തിൽ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, പ്രതിഷേധത്തിനിടെ ജീവൻ വെടിഞ്ഞ കർഷകർക്ക് സ്‌മാരകം പണിയാൻ സ്ഥലം അനുവദിക്കുക, ലഖിംപൂർ ഖേരി സംഭവത്തിൽ അജയ് മിശ്ര തേനിയെ മന്ത്രിസഭയിൽ നിന്ന് നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്ന് ദർശൻ പാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.