ഝാന്‍സി: മെഡിക്കല്‍ കോളേജ് ശുചീകരണത്തിനിടെ കണ്ടെത്തിയത് എല്ലുകളും അസ്ഥികൂടങ്ങളും തലയോട്ടികളും. ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്(Jhansi medical college).
രണ്ട് തലയോട്ടികളും രണ്ട് അസ്ഥികൂടങ്ങളും ഇരുപത് എല്ലുകളുമാണ് കണ്ടെത്തിയത്. മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി വൃത്തിയാക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. വാര്‍ത്ത പുറത്ത് വന്നതോടെ ഇവിടെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കിയ ശവശരീരങ്ങളെ കുറിച്ച് ആശങ്ക ഉയര്‍ന്നു (skeletons, bones, skulls found).
സംഭവമറിഞ്ഞ് മുന്‍ കേന്ദ്രമന്ത്രി പ്രദീപ് ജയിന്‍ ആദിത്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാരുടെ പേരില്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് കേസുകളുണ്ടെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു. ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി അതിന്‍റെ പ്രായവും മറ്റ് വിവരങ്ങളും തേടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു (pradeep jain adithya protest).
മൃതദേഹത്തോട് എത്ര അനാദരവോടെയാണ് ഇവര്‍ പെരുമാറിയതെന്ന കാര്യം വളരെ വ്യക്തമാണ്. ഏത് ജാതിയിലും മതത്തിലും പെട്ടവര്‍ ആയാലും എല്ലാവരും മൃതദേഹത്തെ ഏറെ പരിപാവനതയോടെയാണ് കാണുന്നത്. ശരീരത്തിലെ പഞ്ചഭൂതങ്ങളെ അന്ത്യകര്‍മങ്ങളിലൂടെ ശരിയായി പ്രകൃതിയിലേക്ക് ലയിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെയാകട്ടെ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത് മാലിന്യക്കൂമ്പാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യശരീരത്തില്‍ നിന്ന് ആന്തരിക അവയവങ്ങളും കണ്ണും കടത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട അസ്ഥികൂടങ്ങളാണോ എന്ന് പരിശോധിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു. ഇതാരുടെ മൃതദേഹങ്ങളാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. എന്‍റെ ചോദ്യങ്ങള്‍ക്ക് അധികൃതര്‍ കൃത്യമായ ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.