ചിറ്റൂർ (ആന്ധ്രാപ്രദേശ്) :യുകെജി വിദ്യാർഥിയായ ഒരു കൊച്ചുമിടുക്കന്‍റെ പൊലീസ് സ്റ്റേഷൻ സന്ദർശനം സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുകയാണ്. അതും വെറുതെയുള്ള സന്ദർശനമല്ല, സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കുഞ്ഞുവിരുതനെത്തിയത്. ചിറ്റൂർ ജില്ലയിലെ പലമനേരിൽ ആദർശ പ്രൈവറ്റ് സ്‌കൂൾ വിദ്യാർഥിയായ കാർത്തികേയന്‍ തന്‍റെ സ്‌കൂളിന് സമീപത്തെ ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌റ്റേഷനിലെത്തിയത്.
ആറുവയസുകാരന്‍റെ വരവിൽ സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കാർത്തികേയനെ ചേർത്തുനിർത്തി സ്റ്റേഷൻ സി.ഐ ഭാസ്‌കർ വിവരങ്ങള്‍ ആരാഞ്ഞു. തന്‍റെ സ്‌കൂളിന് സമീപത്തെ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. പോരാത്തതിന് റോഡിന് നടുവിൽ ജെസിബി നിർത്തിയിട്ടിരിക്കുന്നതിനാൽ വലിയ തോതില്‍ ഗതാഗത കുരുക്കും നേരിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെല്ലാവരുമെത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് കാർത്തികേയന്‍റെ ആവശ്യം.