ധർമപുരി (തമിഴ്‌നാട്) : ധർമപുരി മേഖലയിൽ ആറുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിനേഴുകാരനെ പിടികൂടി. കൃഷ്‌ണപുരം സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. ധർമപുരിയിലെ കൃഷ്‌ണപുരത്തിനടുത്ത് പുംധിക്കരൈ പഞ്ചായത്തിന് കീഴിലുള്ള കാട്ടാമ്പട്ടി ഗ്രാമത്തിലാണ് സംഭവം.
കുട്ടിയെ കഴിഞ്ഞ 16-ാം തിയതി മുതൽ കാണാതായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 17കാരനെ പൊലീസ് പിടികൂടിയത്. പ്രതിയായ കുട്ടിയും ആറുവയസുകാരനും ഒരുമിച്ച് കളിക്കുന്നത് പതിവായിരുന്നു. തുടർന്ന് 17കാരനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം ഇങ്ങനെ :കുട്ടി സ്ഥിരമായി വീടിന് സമീപത്തെ താമസക്കാരനായ 17കാരനുമായി കളിക്കാൻ പോകുമായിരുന്നു. സംഭവ ദിവസവും കുട്ടി പ്രതിയോടൊപ്പം കളിക്കാൻ പോയി. എന്നാൽ പ്രതി കുട്ടിയെ കാട്ടാമ്പട്ടിക്ക് സമീപം അരുന്തതിയാർ കോളനിയിൽ ഉപയോഗിക്കാതെ കിടന്നിരുന്ന അപ്പർ റിസർവോയർ ടാങ്കിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. തുടർന്ന് കുട്ടിയുടെ കൈയും കാലും കെട്ടി വാട്ടർടാങ്കിൽ മുക്കിക്കൊല്ലുകയുമായിരുന്നു. പീഡന വിവരം കുട്ടി പുറത്തുപറയുമെന്ന ഭയത്തിലാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.
തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി ധർമപുരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുട്ടിയുടെ മാതാപിതാക്കൾ വിസമ്മതിച്ചു. 17കാരൻ ഒറ്റയ്‌ക്ക് കുട്ടിയെ കൊലപ്പെടുത്തില്ലെന്നും സംഭവത്തിൽ മറ്റാർക്കൊക്കെയോ പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പങ്കുള്ള എല്ലാവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് ധർമപുരി-തിരുപ്പത്തൂർ മെയിൻ റോഡിലെ കൃഷ്‌ണപുരം പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.