ഐസ്വാള്‍ :അസം - മിസോറാം അതിർത്തിയിൽ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാർ കൊല്ലപ്പെട്ടു. ലൈലാപൂരിലെ അന്തർ സംസ്ഥാന അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രംഗം ശാന്തമാക്കാന്‍ ഇടപെട്ട അസം പൊലീസ് സേനയിലെ അംഗങ്ങള്‍ക്കാണ് ജീവഹാനിയുണ്ടായത്.
അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ സംഘര്‍ഷം ഒഴിവാക്കാന്‍ മിസോറാമിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമത്തെ തുടര്‍ന്ന് അസം - മിസോറാം പ്രദേശം സന്ദർശിക്കാൻ അസം മുഖ്യമന്ത്രി സംസ്ഥാന ജലവിഭവ മന്ത്രി പീയൂഷ് ഹസാരികയെ നിയോഗിക്കുകയും ചെയ്തിരുന്നു.
'അസം-മിസോറാം അതിർത്തിയിൽ കൃത്യനിര്‍വഹണത്തിനിടെ ആറ് പൊലീസുകാര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. സംഭവം അത്യന്തം വേദനയുണ്ടാക്കുന്നതാണ്'- അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സംഘര്‍ഷ കാരണം നുഴഞ്ഞുകയറ്റ ആരോപണം
മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകള്‍ അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നവയാണ്.
ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുമ്പോഴാണ് ഈ ജില്ലകളുടെ അതിര്‍ത്തികളില്‍ ഇടയ്ക്കിടെ സംഘര്‍ഷമുണ്ടാകുന്നത്. കഴിഞ്ഞ ജൂണ്‍ മാസത്തിലും നുഴഞ്ഞുകയറ്റം ആരോപിച്ച് ഏറ്റുമുട്ടലുണ്ടായിരുന്നു.