ചെന്നൈ: തമിഴ്നാട്ടില്‍ കള്ളന്മാര്‍ അടിച്ച് മാറ്റിയത് 600 മൊബൈല്‍ ടവറുകളെന്ന് പൊലീസ്. മാസങ്ങളായി പ്രവര്‍ത്തിപ്പിക്കാതിരുന്ന തങ്ങളുടെ ഒരു ടവര്‍ കാണാനില്ലെന്ന് കാണിച്ച് ഒരു കമ്പനി നല്‍കിയ പരാതിയില്‍ അന്വേഷണ നടത്തിയ പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
സംഭവം ഇങ്ങനെ, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിടിഎല്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ഇ-റോഡ് ചിന്നമലയില്‍ ഒരു ടവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ടവര്‍ ഉപയോഗിച്ചിരുന്ന ടെലികോം കമ്പനി 2017ഓടെ പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ ടവര്‍ പ്രവര്‍ത്തിക്കാതെയുമായി. എന്നാല്‍ കഴിഞ്ഞ ദിവസം ടവറിനെ കുറിച്ച് അന്വേഷിച്ചെത്തിയ കമ്പനി അധികൃതര്‍ ഞെട്ടി. സ്ഥലത്ത് ടവറില്ല. 32 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ടവര്‍ കണാതായതോടെ കമ്പനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് മോഷണത്തിന്‍റെ ചുരുള്‍ അഴിയുന്നത്.
കണക്ക് പ്രകാരം കമ്പനിക്ക് 6000 ടവറുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ഒരു റീജിണല്‍ ഓഫീസ് ചെന്നെയില്‍ സ്ഥാപിക്കുകയും ചെയ്തു. ഒരു വിദേശ മൊബൈല്‍ നെറ്റ്‌വര്‍ക്കിങ് കമ്പനിക്ക് വേണ്ടിയായിരുന്നു ജിടിഎല്‍ ടവറുകള്‍ സ്ഥാപിച്ചത്. എന്നാല്‍ 2017ല്‍ രാജ്യത്തെ നെറ്റ്‌വര്‍ക്ക് സര്‍വീസുകള്‍ ടെലികോം കമ്പനി നിര്‍ത്തി.