ന്യൂഡല്‍ഹി : എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍. തിരുവനന്തപുരം, മംഗളൂരു, ജയ്‌പൂര്‍, ലഖ്‌നൗ, അഹമ്മദാബാദ്, ഗുവഹാത്തി എന്നീ എയര്‍പോര്‍ട്ടുകളാണ് പാട്ടത്തിന് നല്‍കിയതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിങ് അറിയിച്ചു.
അഹമ്മദാബാദ്, ലഖ്‌നൗ മംഗളൂരു എന്നീ വിമാനത്താവളങ്ങള്‍ പാട്ടത്തിന് കൈമാറിയത് 2020 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ശേഷിക്കുന്ന മൂന്ന് വിമാനത്താവളങ്ങള്‍ കൈമാറിയത് 2021 ഒക്ടോബറിലുമാണെന്ന് വികെ സിങ് അറിയിച്ചു.
ALSO READ:'കെ റെയിലുമായി മുന്നോട്ട്'; പ്രതിഷേധത്തിന്‍റെ പേരിൽ സർവേ നടപടികൾ നിർത്തില്ലെന്ന് എംഡി
വിമാനത്താവളങ്ങളുടെ നടത്തിപ്പും, മേല്‍നോട്ടവും, വികസനവുമാണ് പാട്ടത്തിന് കൈമാറിയത്. പാട്ടത്തിന് കൈമാറിയ ആറ് വിമാനത്താവളങ്ങളില്‍ നിന്നായി 2022 ജനുവരി വരെ പാസഞ്ചര്‍ ഫീ ഇനത്തില്‍ സ്വകാര്യ പങ്കാളികളില്‍ നിന്ന് 331 കോടി രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചു. കൂടാതെ വിമാനത്താവളങ്ങളില്‍ നടത്തിയ മൂലധന നിക്ഷേപം കണക്കാക്കി സ്വകാര്യ പങ്കാളികളില്‍ നിന്ന് 1,888കോടി രൂപയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലഭിച്ചെന്നും വി കെ സിങ് വ്യക്തമാക്കി.
നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈനിന്‍റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള കോഴിക്കോട്, കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള 25 വിമാനത്താവളങ്ങള്‍ക്കൂടി പാട്ടത്തിന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2022 മുതല്‍ 2025 കാലയളവിലാണ് ഈ വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുക. സര്‍ക്കാറിന്‍റെ ആസ്ഥി പണമായി മാറ്റുക എന്നതാണ് മോണിറ്റൈസേഷന്‍ പൈപ്പ് ലൈനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.