ബീജിങ്:അരുണാചല്‍ പ്രദേശ് തവാങിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യത്തില്‍ സ്ഥിരത വന്നെന്ന് ചൈന. ഇരു രാജ്യങ്ങളും ചര്‍ച്ച തുടരുകയാണെന്നും ചൈനീസ് വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചു. തടസങ്ങള്‍ കൂടാതെ അതിര്‍ത്തി വിഷയത്തില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അരുണാചലിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യത്തില്‍ സ്ഥിരത കൈവരിച്ചെന്ന് ചൈന
ഇന്ത്യ ചൈന അതിര്‍ത്തിയിലെ തല്‍സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇതിനെ ചെറുക്കുകയായിരുന്നു
ഡിസംബര്‍ ഒമ്പതിനാണ് തവാങ്ങിലെ യാങ്സെ സെക്‌ടറിലെ എല്‍എസി (Line of Actual Control) മുറിച്ച് കടക്കാന്‍ ചൈനീസ് സൈനികര്‍ ശ്രമിച്ചത്. എന്നാല്‍ ആ ശ്രമം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തല്‍സ്ഥിതിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്തുകയായിരുന്നു ചൈനയുടെ ശ്രമമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ സൈനികര്‍ ആരും മരണപ്പെടുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്‌തിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ 2020ല്‍ ഇരു സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇന്ത്യ ചൈന ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടായത്.