ന്യൂഡൽഹി: വാക്‌സിൻ, കൊവിഡ് അവശ്യവസ്‌തുക്കൾ, ബ്ലാക്ക് ഫംഗസ് രോഗികൾക്കായുള്ള മരുന്നുകൾ മുതലായവയ്‌ക്ക് നികുതി ഇളവ് നൽകുന്നത് സംബന്ധിച്ച 44ാമത് ജിഎസ്‌ടി കൗൺസിൽ യോഗം ശനിയാഴ്‌ച രാവിലെ 11ന് ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ധനമന്ത്രി അനുരാഗ് താക്കൂർ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാർ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം ഉച്ചയ്ക്ക് 2.30ഓടെ നിർമ്മല സീതാരാമൻ മാധ്യമങ്ങളെ കണ്ടേക്കും.
കൊവിഡ് അവശ്യവസ്തുക്കൾക്ക് നികുതി ഇളവ് നൽകിയേക്കും
മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, പൾസ് ഓക്‌സിമീറ്റർ, ഹാൻഡ് സാനിറ്റൈസർ, വെന്‍റിലേറ്റർ മുതലായ കൊവിഡ് അനുബന്ധ വസ്തുക്കൾക്ക് ജിഎസ്‌ടി ഇളവുകൾ നൽകുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തെയും ധനമന്ത്രിമാരുടെ റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. കൂടാതെ വാക്‌സിനുകൾ, കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, പരിശോധനാ കിറ്റുകൾ എന്നിവയുടെ നികുതി ഇളവ് സംബന്ധിച്ചും മേഘാലയ ഉപമുഖ്യമന്ത്രി കോൺറാഡ് സാങ്‌മയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും.
കൗൺസിൽ തീരുമാനം അംഗീകരിക്കുമെന്ന് ധനമന്ത്രിമാർ
കൊവിഡ് അവശ്യവസ്തുക്കളുടെ നികുതി കുറയ്ക്കുന്നതിനെ അനുകൂലിച്ച് നിരവധി സംസ്ഥാന സർക്കാരുകൾ രംഗത്തു വന്നിരുന്നു. ജനങ്ങൾക്ക് ആശ്വാസമായി നികുതിയിൽ ഇളവ് പ്രഖ്യാപിക്കണമെന്നും അതേസമയം നികുതി നിരക്ക് സംബന്ധിച്ച ജിഎസ്‌ടി കൗൺസിലിന്‍റെ തീരുമാനം അംഗീകരിക്കുമെന്നും യുപി ധനമന്ത്രി സുരേഷ് കുമാർ ഖന്ന ബുധനാഴ്‌ച വ്യക്തമാക്കി.
നികുതി ഇളവ് ജനങ്ങൾക്ക് നേട്ടമുണ്ടാക്കില്ലെന്ന് കേന്ദ്രം
നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് പാർട്ടിയും മറ്റ് പ്രതിപക്ഷഭരണ സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ നടപടി ജനങ്ങൾക്ക് നേട്ടമുണ്ടാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ അഭിപ്രായം. നിലവിൽ വാക്‌സിനുകൾക്ക് അഞ്ച് ശതമാനവും കൊവിഡ് അനുബന്ധ മരുന്നുകൾക്കും ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്കും 12 ശതമാനവുമാണ് ജിഎസ്‌ടി ചുമത്തുന്നത്. നേരത്തേ മെയ് 28ന് ചേർന്ന യോഗത്തിൽ ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബി മരുന്നിന്‍റെ ഇറക്കുമതിയിൽ ജിഎസ്‌ടി ഒഴിവാക്കിയിരുന്നു.
Also Read:ആശങ്ക ഒഴിയാതെ രാജ്യം ; കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണനിരക്ക്