ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 1984ലുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളായ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മൊബീൻ ഷാ (60), ഭുര (61) എന്ന അമർ സിങ് എന്നിവരെയാണ് ഘതംപൂരില്‍ നിന്ന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(SIT) അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ചീഫ് മെട്രോപൊളിറ്റല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡിഐജി ബലേന്ദു ഭൂഷന്‍ സിങ് പറഞ്ഞു. പ്രതിയായ അമര്‍ സിങിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രിമിനല്‍ സംഘമായ നന്‍ഹയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 396,436 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കേസില്‍ ഒളിവില്‍ പോയ മുഴുവന്‍ പ്രതികളെയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡിഐജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഘടകംപൂരില്‍ നിന്ന് നാല് പ്രധാന പ്രതികളെ സംഘം പിടികൂടിയിരുന്നു. 2019 മെയ് 27നാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ഉത്തരവനുസരിച്ച് എസ് ഐ ടി സംഘം രൂപീകരിച്ചത്.