ന്യൂഡൽഹി: ഡല്‍ഹിയില്‍ വീടുകളിൽ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിയെ അഴിമതിയെന്ന് വിശേഷിപ്പിച്ച ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ വിമർശിച്ച് ആം ആദ്‌മി പാർട്ടി. പദ്ധതി ആരംഭിക്കാൻ അനുവദിക്കാതെ കോൺഗ്രസിന്‍റെ ഭരണത്തിന് സമാനമായ അഴിമതി ബിജെപി തുടരുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. റേഷൻ വിതരണത്തിലെ അഴിമതി ആം ആദ്‌മി പാർട്ടി ചൂണ്ടിക്കാണിക്കരുതെന്ന് സാംബിത് പത്രക്ക് നിർബന്ധമുണ്ടെന്ന് സിസോദിയ പറഞ്ഞു.
പിസ വിതരണം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് റേഷൻ നൽകാൻ കഴിയില്ല എന്നതിനെക്കുറിച്ച് ബിജെപി നേതാക്കൾ മനസിലാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ദരിദ്രരുടെ റേഷൻ മോഷ്ടിക്കുന്നത് തടയാനല്ല, മുഖ്യമന്ത്രിയെക്കുറിച്ച് നുണകൾ പറയാനാണ് അദ്ദേഹത്തിന് താൽപര്യമെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് രൂപക്ക് റേഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയാറാകുമ്പോൾ ബിജെപി സർക്കാർ മൂന്ന് രൂപ ഈടാക്കുകയാണെന്ന് സിസോദിയ വാദിച്ചു.