ന്യൂഡല്‍ഹി: സ്‌പുട്‌നിക് വിയുടെ ഒറ്റ ഡോസ് പതിപ്പായ 'സ്‌പുട്‌നിക് ലൈറ്റ്' കൊവിഡ് വാക്സിൻ ഉടൻ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്. വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിനെകുറിച്ചുള്ള ചര്‍ച്ച തുടരാൻ റഷ്യയും ഇന്ത്യയും പ്രതിജ്ഞാബദ്ധരാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതിയുമായി കൂടുതല്‍ ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ അവസാനത്തോടെ സ്‌പുട്‌നിക് വി, അസ്ട്രാസിനിക്ക മിക്‌സ് ആൻഡ് മാച്ചിന്‍റെ പഠന ഫലങ്ങള്‍ റഷ്യൻ ഡയറക്ടര്‍ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പരീക്ഷണങ്ങളില്‍ നിന്ന് ഉയര്‍ന്ന ഫലപ്രാപ്തി പ്രതീക്ഷിക്കുന്നതായി ആര്‍ഡിഐഎഫ് സിഇഒ കിറില്‍ ഡിമിട്രീവ് പറഞ്ഞു. ഇന്ത്യയില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പുട്‌നിക് വിയുടെ ഉത്പാദനവും, സ്‌പുട്‌നിക് - കൊവിഷീല്‍ഡ് മിക്‌സ് ആന്‍റ് മാച്ച് നടത്താനും സെറം ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിറില്‍ ഡിമിട്രീവ് പറഞ്ഞു.