ന്യൂഡൽഹി: കൊറോണ വൈറസുകളുടെ പുതിയ സിംഗപ്പൂർ വകഭേദങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അഭിപ്രായത്തിനെതിരെ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം. അരവിന്ദ് കെജ്‌രിവാളിനെതിരെ വ്യാജ വിവര വിരുദ്ധ നിയമം, ഓൺലൈൻ ഫാൾസ്ഹുഡ്സ് ആന്‍റ് മാനിപുലേഷൻ ആക്റ്റ്(പിഒഎഫ്എംഎ) എന്നിവ നടപ്പിലാക്കിയ സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം ഫേസ്ബുക്ക്, ട്വിറ്റർ, എസ്‌പിഎച്ച് മാഗസിൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് പൊതുവായ തിരുത്തൽ നിർദ്ദേശങ്ങൾ നൽകാൻ പിഒഎഫ്എംഎ ഓഫിസിന് നിർദേശം നൽകി. ഇതുപ്രകാരം സമൂഹ മാധ്യമങ്ങൾ സിംഗപ്പൂർ വകഭേദത്തെക്കുറിച്ചുള്ള അസത്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യേണ്ടതുണ്ട്.
കൊവിഡിന്‍റെ സിംഗപ്പൂരിൽ നിന്നുള്ള പുതിയ വകഭേദം കുട്ടികളിൽ വളരെ അപകടകാരമാണ്. ഇത് ഇന്ത്യയിൽ മൂന്നാം തരംഗമായി മാറിയേക്കാമെന്നും അതുകൊണ്ട് തന്നെ സിംഗപ്പൂരിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കണമെന്നുമായിരുന്നു കെജ്രിവാളിന്‍റെ പ്രസ്താവന. സിംഗപ്പൂരിൽ പുതിയ വകഭേദങ്ങളൊന്നുമില്ലെന്നും ഒരു വകഭേദവും കുട്ടികളിൽ വളരെ അപകടകരമാണ് എന്നതിന് തെളിവൊന്നുമില്ലെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.