സിംഗപ്പൂർ: സിംഗപ്പൂരിലെ ചാംഗി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങുന്ന തൊഴിലാളികൾ സ്വർണ കള്ളക്കടത്ത് (Singapore Changi airport gold smuggling) വാഹകരായി മാറുന്നതായി റിപ്പോർട്ട്. സ്വർണ കള്ളക്കടത്തുകാർ ചാംഗി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളെ സമീപിച്ച് ഒരു നിശ്ചിത തുകയ്‌ക്ക് സ്വർണം കൈമാറുന്നതായാണ് ഞായറാഴ്‌ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്.
ഇതിനായി താൽപര്യം കാണിക്കുന്ന യാത്രക്കാരെ വിമാനത്താവളത്തിന്‍റെ തിരക്കൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഇടപാട് നടത്തുകയാണ് ചെയ്യുന്നത് (Singapore gold smugglers recruit Indian workers). യാത്രക്കാർ ഇന്ത്യയിൽ ഇറങ്ങുന്ന ഉടൻ തന്നെ ഏജന്‍റുമാരെത്തി സ്വർണം വാങ്ങിക്കുമെന്നാണ് 'ദി സ്ട്രെയിറ്റ്സ് ടൈംസ്' എന്ന മാധ്യമം റിപ്പോർട്ട് ചെയ്‌തത്.
സിംഗപ്പൂരിൽ സ്വർണമുൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങൾ യാത്രക്കാർ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ല. എങ്കിലും, കൈവശമുള്ള സ്വർണം വെളിപ്പെടുത്താതെയിരിക്കുന്നത് ഇന്ത്യയിൽ നിയമ ലംഘനം ആയിരിക്കുമെന്നാണ് സിംഗപ്പൂരിലെ ജെം ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് മുഹമ്മദ് ബിലാൽ പറയുന്നത്.
പുരുഷന്മാർക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുവദിച്ച നികുതി രഹിത സ്വർണ്ണത്തിന്‍റെ അളവ് 20 ഗ്രാം ആണ്. ഇതിന്‍റെ പരമാവധി മൂല്യം 50,000 രൂപ (800 സിംഗപ്പൂർ ഡോളർ) ആണ്. എന്നാൽ ഇന്ത്യൻ വനിതകൾക്ക് കൊണ്ടുവരാനാകുന്ന നികുതി രഹിത സ്വർണ്ണത്തിന്‍റെ അളവ് ഇരട്ടിയാണ്. എന്നാൽ ഈ പരിധിക്ക് മുകളിൽ കൊണ്ടുപോകുന്ന സ്വർണാഭരണങ്ങൾക്ക് കസ്റ്റംസ് തീരുവ ഉണ്ടാകും.