ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 41 പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആഗര്‍ മെഷീന്‍ തകരാറിലായതിന് പിന്നാലെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് വീണ്ടും രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് മാനുവൽ ഹോറിസോണ്ടൽ ഡ്രില്ലിങ് എന്നീ രണ്ട് തരത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടപ്പിലാക്കുക. കൂടാതെ തുരങ്കത്തിന് സമാന്തരമായി മറ്റൊരു തുരങ്കവും നിര്‍മിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിരിക്കുന്നുണ്ട്.
അതോടൊപ്പം കഴിഞ്ഞ ദിവസം തകരാറിലായ ആഗര്‍ മെഷീന്‍ നന്നാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 88 മീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ 33 മീറ്റര്‍ മാത്രമെ ഇതുവരെ തുരക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നാണ് അവസാനം ലഭിച്ച റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. തുരങ്കത്തിന് അകത്ത് കുടുങ്ങി കിടക്കുന്ന 41 പേരെ രക്ഷപ്പെടുത്തുന്നതിനായി റാറ്റ് ഹോള്‍ മൈനേഴ്‌സ് എന്ന പ്രത്യേക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ആറ് തരത്തില്‍ രക്ഷപ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം ലഫ്‌റ്റനന്‍റ് ജനറല്‍ സയ്യിദ് അത്താ ഹസ്‌നൈന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആറ് പദ്ധതികള്‍ സമന്വയിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും മികച്ച ഓപ്‌ഷന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് ആണെന്ന് ഹസ്‌നൈന്‍ പറഞ്ഞു. 86 മീറ്ററോളം വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്തിയതിന് ശേഷം തുരങ്കത്തിന്‍റെ പുറംതോട് പൊളിച്ച് നീക്കേണ്ടി വരുമെന്നും തുടര്‍ന്ന് മാത്രമെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.