ഉത്തരകാശി (ഉത്തരാഖണ്ഡ്) :സില്‍ക്യാര തുരങ്കത്തിനുളളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം 15-ാം ദിവസത്തില്‍ (Uttarakhand Silkyara Tunnel Rescue). ആഗര്‍ ഡ്രില്ലിങ് മെഷീനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഡ്രില്ലിങ് മെഷീനുകള്‍ക്ക് അടിക്കടി കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബദല്‍ മാര്‍ഗം തേടാനും ദേശീയ ദുരന്തനിവാരണ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.
അതേസമയം, തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്നും ദുരന്തനിവാരണ സേന അറിയിച്ചു. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നത്. കൂടുതല്‍ സമയമെടുത്തായാലും അവരെയെല്ലാം പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഒഡിഷയിലെ ഹരികുണ്ഡില്‍ നിന്നുമെത്തിച്ച ആഗര്‍ ഡ്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം നവംബര്‍ 24നായിരുന്നു ആരംഭിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. കട്ടിയുള്ള ലോഹവസ്‌തുക്കളില്‍ ഡ്രില്ലിങ് മെഷീന്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഇതിന് പിന്നാലെ ആഗര്‍ ഡ്രില്ലിങ് മെഷീന്‍റെ മുന്‍ഭാഗം തകര്‍ന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗം മുന്‍ ലഫ്റ്റനന്‍റ് ജനറല്‍ സയ്യിദ് അത്ത ഹസ്‌നൈന്‍ മാധ്യമങ്ങളോട് അറിയിച്ചു. അപകടകരമായ ദൗത്യമായതിനാല്‍ തന്നെ ക്ഷമയോടെ മാത്രമേ ഓരോ കാര്യങ്ങളും ചെയ്യാന്‍ സാധിക്കൂ. സമയമെടുത്തായാലും എല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നവംബര്‍ 12നായിരുന്നു വടക്കന്‍ ഉത്തരഖാണ്ഡില്‍ നിര്‍മാണത്തിലിരുന്ന ടണല്‍ തകര്‍ന്ന് അപകടമുണ്ടായത്. ബ്രഹ്‌മഖല്‍, യമുനോത്രി ദേശീയ പാതയില്‍ സില്‍ക്യാരയ്‌ക്കും ദണ്ഡല്‍ഗാവിനും ഇടയിലായിട്ടാണ് ടണല്‍. 4,531 മീറ്റര്‍ നീളത്തിലുള്ള ടണലിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഓരോ ദിവസം പിന്നിടുമ്പോഴും സാങ്കേതികമായി കൂടുതല്‍ സങ്കീര്‍ണമാവുകയാണെന്നും സയ്യിദ് അത്ത ഹസ്‌നൈന്‍ പറഞ്ഞു.
Also Read : തുരങ്കദുരന്തം: കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയുമായി നാട്ടുകാര്‍, രക്ഷാപ്രവര്‍ത്തനം അവതാളത്തില്‍
അതേസമയം, ആഗര്‍ ഡ്രില്ലിങ് മെഷീനുകള്‍ക്കായി മാത്രം കാത്തുനില്‍ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായ മറ്റ് മാര്‍ഗങ്ങളും ഉപയോഗിക്കണമെന്ന് അന്താരാഷ്ട്ര ടണൽ വിദഗ്ധൻ അർനോൾഡ് ഡിക്സ് അഭിപ്രായപ്പെട്ടു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഈയൊരു വഴി മാത്രമല്ല മുന്നിലുള്ളത്. അതിനായി മറ്റ് പല മാര്‍ഗങ്ങളുമുണ്ട്. ആഗര്‍ ഡ്രില്ലിങ് മെഷീനുകള്‍ തകര്‍ന്നിരിക്കുകയാണ്. ഇനി അവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.