സിലിഗുരി (പശ്ചിമബംഗാള്‍) : അശ്ലീല വെബ്‌സൈറ്റുകളില്‍ അഭിരമിച്ചിരുന്ന യുവാവ് പാകിസ്ഥാന്‍റെ ചാരനായി മാറിയ ഞെട്ടിക്കുന്ന സംഭവമാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്നത്. ബിഹാറിലെ ചമ്പാരന്‍ സ്വദേശിയായ ഗുഡ്ഡു കുമാറാണ് ചാരക്കേസില്‍ പിടിയിലായത്. മൂന്ന് വർഷം മുന്‍പ് ഇയാള്‍ നിരോധിത പോണ്‍ വെബ്‌സൈറ്റില്‍ സ്ഥിരമായി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പാക് ചാര ഏജന്‍സിയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സാണ് (ഐഎസ്‌ഐ) ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുകയും ബ്ലാക്ക് മെയിലിലൂടെ ചാര പ്രവര്‍ത്തി ചെയ്യിപ്പിക്കുകയുമായിരുന്നു.
പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വച്ച് പിടിയിലായ ഇയാള്‍, ഇന്ത്യന്‍ സേനയുടെ നിരവധി വിവരങ്ങളാണ് പാക് ഏജന്‍സിയ്‌ക്ക് കൈമാറിയതെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഗുഡ്ഡു കുമാറിന്‍റെ ഫോൺ നമ്പറും ആധാർ കാർഡ്, വോട്ടർ കാർഡ് തുടങ്ങിയ നിരവധി വ്യക്തിഗത വിവരങ്ങളുമടക്കം ഐഎസ്‌ഐയ്‌ക്ക് ലഭിച്ചിരുന്നു. പുറമെ, ഇയാളുടെ ജീവിത സാഹചര്യവും ദൗർബല്യങ്ങളുമടക്കം മനസിലാക്കി ഐഎസ്‌ഐ പണം വാഗ്‌ദാനം ചെയ്‌ത് വരുതിയിലാക്കുകയും ചെയ്‌തു. ബ്ലാക്ക്‌മെയില്‍ കൂടെ ചെയ്‌തതോടെയാണ് ചാരവൃത്തി ചെയ്യാൻ ഇയാള്‍ സമ്മതിച്ചത്. തുടര്‍ന്ന്, രാജ്യത്തിന്‍റെ സൈനിക നീക്കത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാള്‍ പാക് ചാര ഏജന്‍സിയ്‌ക്ക് നല്‍കിയത്.
കള്ളക്കേസില്‍ പെടുത്തിയെന്ന് ഗുഡ്ഡുവിന്‍റെ ഭാര്യ:സൈനിക വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളെ ബിഹാറിൽ നിന്ന് ബംഗാളിലെ സിലിഗുരിയിലേക്ക് അയച്ചതോടെയാണ് പിടിയിലായത്. ഡിസംബര്‍ 21നാണ് സിലിഗുരിയിലെ ദേബാശിഷ് കോളനിയിൽ നിന്ന് ഗുഡ്ഡു കുമാറിനെ എസ്‌ടിഎഫ് (സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്) അറസ്റ്റുചെയ്‌തത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം ഐഎസ്ഐ ഏജന്‍റാണെന്ന സംശയം ബലപ്പെട്ടതോടെയാണ് ഇയാളെ പിടികൂടിയത്. തുടർന്ന് മിലിട്ടറി ഇന്‍റലിജൻസ് ബ്യൂറോ സമാന്തര അന്വേഷണം ആരംഭിച്ചു. എന്നാൽ, തന്‍റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നാണ് ഇയാളുടെ ഭാര്യ ശോഭ സിങ് പറയുന്നത്. അധ്യാപകനായിരുന്ന ഇയാള്‍ 2010ലാണ് ശോഭ സിങ്ങിനെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്.