ബെംഗളൂരു: ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് (കെഐയുജി) ഞായറാഴ്ച (24.04.22) സിലിക്കൺ സിറ്റിയില്‍ തുടക്കം. നാളെ (24.04.22) വൈകിട്ട് കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് ഗെയിംസിന്‍റെ രണ്ടാം പതിപ്പ് ഉദ്‌ഘാടനം ചെയ്യുക. ഔദ്യോഗിക ഉദ്‌ഘാടനം നാളെയാണ് നടക്കുന്നതെങ്കിലും ചില മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് ഇന്ന് (ശനിയാഴ്‌ച) നടക്കുന്നുണ്ട്.
കര്‍ണാടക ഗവർണർ താവർ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് സിങ് താക്കൂർ, സംസ്ഥാന മന്ത്രിമാരായ നിസിത് പ്രമാണിക്, നാരായണ ഗൗഡ, ഡോ. അശ്വത്നാരായണൻ സി.എൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിനെത്തുന്ന പ്രമുഖ കായിക താരങ്ങള്‍: പ്രകാശ് പദുക്കോൺ, പങ്കജ് അദ്വാനി, അഞ്ജു ബോബി ജോർജ്, റീത് എബ്രഹാം, അശ്വിനി നാച്ചപ്പ, സുനിൽ ജോഷി, എച്ച്എൻ ഗിരീഷ, വിആർ രഘുനാഥ് തുടങ്ങിയ മുൻ കായിക താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
കായികതാരങ്ങൾക്ക് വേണ്ടി ഒളിമ്പ്യൻ നീന്തൽ താരം ശ്രീഹരി നടരാജ് സത്യപ്രതിജ്ഞ ചെല്ലും. ഉദ്ഘാടന ചടങ്ങ് ക്ഷണിതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, സ്റ്റേഡിയത്തിന് പുറത്തുള്ള കൂറ്റൻ സ്‌ക്രീനിൽ പൊതുജനങ്ങൾക്കായി പ്രദര്‍ശിപ്പിക്കും. 10 ദിവസത്തെ ഗെയിംസില്‍ 200-ലധികം യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള 4,500-ലധികം മത്സരാർഥികൾ മല്ലഖംബ, യോഗാസനം തുടങ്ങിയവയുള്‍പ്പെടെ 20 വ്യത്യസ്‌ത കായിക ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.
also read: IPL 2022| നോ ബോള്‍ വിവാദം: പന്തിനും താക്കൂറിനും കനത്ത പിഴ, പ്രവീണ്‍ ആംറെയ്ക്ക് എതിരെ നടപടി
ഗെയിംസിനെത്തുന്ന പ്രമുഖ താരങ്ങള്‍: ദ്യുതി ചന്ദ് (അത്‌ലറ്റിക്‌സ്), ശ്രീഹരി നടരാജ് (നീന്തൽ), ദിവ്യാൻഷ് സിങ് പൻവാർ, ഐശ്വരി പ്രതാപ് സിങ് തോമർ (ഇരുവരും ഷൂട്ടിങ്), ജെസ്വിൻ ആൽഡ്രിൻ (ലോംഗ് ജംപ്) എന്നിവരുൾപ്പെടെ 257 സ്വർണ്ണ മെഡലുകൾക്കായി വിവിധ ഇനങ്ങളിലായാണ് അത്‌ലറ്റുകൾ പോരടിക്കുക. വോളിബോൾ, ബാഡ്‌മിന്‍റൺ എന്നിവ ജെയിൻ യൂണിവേഴ്‌സിറ്റി ഗ്ലോബൽ കാമ്പസിലും ഷൂട്ടിങ്, ബാസ്‌ക്കറ്റ്‌ബോൾ എന്നിവ യഥാക്രമം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലും ശ്രീകണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.