സിക്കിമിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് സൈന്യത്തിന്‍റെ അന്ത്യാഞ്ജലി സിലിഗുരി (പശ്ചിമ ബംഗാള്‍): വടക്കൻ സിക്കിമിലെ സെമയില്‍ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട 16 ജവാൻമാർക്ക് സൈന്യത്തിന്‍റെ ആദരാഞ്ജലി. ഇന്ന് ഉച്ചയോടെ സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലെത്തിയ സൈനികരുടെ മൃതദേഹങ്ങള്‍ സ്വീകരിച്ച് സൈനിക ഉദ്യോഗസ്ഥരാണ് ആദരാഞ്ജലി അർപ്പിച്ചത്. മൂന്ന് ജൂനിയര്‍ കമ്മിഷൻഡ് ഓഫിസർമാർ (ജെസിഒ) ഉൾപ്പെടെ 16 സേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ഇന്നലെയാണ് അപകടത്തില്‍പെടുന്നത്.
വിമാനത്താവളത്തിലെത്തിച്ച സൈനികരുടെ മൃതദേഹങ്ങള്‍ സിക്കിമിൽ നിന്ന് പ്രത്യേക സൈനിക വിമാനത്തിൽ വിമാനത്താവളത്തിന്‍റെ സാങ്കേതിക മേഖലയിൽ (ആൽഫ സോൺ) എത്തിക്കുകയായിരുന്നു. വ്യോമസേനയുടെ കീഴിലുള്ള ഈ മേഖലയിലെത്തിയാണ് മേജർ അഞ്ജൻകുമാർ ബസുമതാരിയും മറ്റ് വ്യോമസേന ഉദ്യോഗസ്ഥരും സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങും സ്ഥലത്തെത്തി സൈനികര്‍ക്ക് പുഷ്‌പചക്രം അര്‍പ്പിച്ചു.
ചാറ്റേണിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് വാഹനങ്ങളടങ്ങുന്ന സൈനിക വ്യൂഹത്തിലെ ട്രക്കാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ അപകടത്തില്‍പെട്ടത്. കുത്തനെയുള്ള വളവ് കടക്കുന്നതിനിടെ നൂറുകണക്കിന് അടി താഴ്‌ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടത്തില്‍ ട്രക്ക് പൂർണമായും തകർന്നു. ഇതേത്തുടർന്ന് 16 സൈനികർക്ക് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്‌ടപ്പെട്ടു. മരിച്ച സൈനികരില്‍ പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് എന്ന മലയാളി സൈനികനുമുണ്ടായിരുന്നു.
മരിച്ച സൈനികരുടെ പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങളുടെ രേഖകളില്‍ സൈനിക വൃത്തങ്ങളുടെ രേഖകളില്‍ നിന്നും ബിഹാറിലെ പട്‌നയില്‍ നിന്നുള്ള നായിക് സുബേദാര്‍ ചന്ദന്‍ കുമാര്‍ മിശ്ര, പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്നുള്ള ഓംകാര്‍ സിങ്, ദുര്‍ഗാപുരില്‍ നിന്നുള്ള ഗോപിനാഥ് മകുര്‍, രാജസ്ഥാനിലെ ജോധ്‌പുരില്‍ നിന്നുള്ള സെപ് സുഖ റാം, ഉത്തരാഖണ്ഡിലെ പന്ത്‌നഗറില്‍ നിന്നുള്ള നായിക് രവീന്ദര്‍ സിങ് ഥാപ്പ, ബിഹാര്‍ അറയില്‍ നിന്നുള്ള നായിക് പ്രമോദ് സിങ്, ഉത്തര്‍പ്രദേശ് ഏടയില്‍ നിന്നുള്ള ലാന്‍സ് നായിക് ഭൂപേന്ദ്ര സിങ്, ഉന്നാവ് നിന്നുള്ള നായിക് ശ്യാം സിങ് യാദവ്, മുസാഫിര്‍പുരില്‍ നിന്നുള്ള നായിക് ലോകേഷ് കുമാര്‍.
ഹരിയാന ഫതേഹാബാദ് നിന്നുള്ള ഗ്രെനേഡിയര്‍ വികാശ് കുമാര്‍, ഭിവാനിയില്‍ നിന്നുള്ള ഹവില്‍ദാര്‍ അരവിന്ദ് കുമാര്‍, ഹിസറില്‍ നിന്നുള്ള ലാന്‍സ് നായിക് സോംബീര്‍ സിങ്, രാജസ്ഥാന്‍ ജയ്‌സാല്‍മറില്‍ നിന്നുള്ള സുബേദാര്‍ ഗുമന്‍ സിങ്, ജുന്‍ജുനുവില്‍ നിന്നുള്ള ലാന്‍സ് നായിക് മനോജ് കുമാര്‍, യുപി ലഖ്‌നൗവില്‍ നിന്നുള്ള ഹവില്‍ദാര്‍ ചരണ്‍സിങ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് സൈനികര്‍.