ചണ്ഡിഗഡ് : വെടിയേറ്റ് 15 മിനിട്ടുകൾക്കുള്ളിലാണ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാല മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുപ്പതോളം വെടിയുണ്ടകളാണ് സിദ്ദുവിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നത്. വെടിയേറ്റ് 15 മിനിട്ടിനുള്ളിലായിരുന്നു മരണം.
സിദ്ദുവിന്‍റെ ശരീരത്തിൽ 19 മുറിവുകൾ ഉണ്ടായിരുന്നു. ഒരു വെടിയുണ്ട തലയോട്ടി തുളച്ചുകയറി. മിക്ക വെടിയുണ്ടകളും ശരീരത്തില്‍ ആഴത്തില്‍ തറഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങളിൽ മാരക മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും രക്തസ്രാവം മൂലമാണ് മരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
മെയ് 29നാണ് മൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വച്ച് സിദ്ദുവിനെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മെയ് 31നായിരുന്നു സംസ്‌കാരം.
മൻസ സിവിൽ ഹോസ്‌പിറ്റലിൽ അഞ്ച് ഡോക്‌ടർമാരുടെ സംഘമാണ് സിദ്ദുവിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തിയത്. കുടുംബാംഗങ്ങളുടെ അനുമതി ലഭിച്ചതിന് ശേഷമായിരുന്നു പോസ്റ്റ്‌മോർട്ടം. സിദ്ദു മൂസേവാലയ്ക്ക് ഉണ്ടായിരുന്ന വിഐപി സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് അക്രമികളുടെ വെടിയേറ്റ് മരിക്കുന്നത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മന്‍സയിലേക്ക് പോകുമ്പോഴായിരുന്നു പഞ്ചാബി ഗായകനെതിരെ ആക്രമണം നടന്നത്. അക്രമികൾ സിദ്ദുവിന് നേരെ 30 റൗണ്ട് വെടിയുതിർത്തു.