ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്) : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഭൗ എന്ന മൻപ്രീത് സിംഗ് പൊലീസ് പിടിയില്‍. ഡെറാഡൂണില്‍ നിന്നാണ് ഇയാളെ മൻസ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തില്‍ സെർജി മിന്‍റു എന്ന ഗുണ്ടാനേതാവിനും മറ്റൊരു കൊലപാതക കേസില്‍ ഫിറോസ്‌പൂർ ജയിലിൽ കഴിയുന്ന മൻപ്രീത് സിംഗ് മന്നക്കും മന്‍സ പൊലീസ് ഹാജരാകാനുള്ള നോട്ടിസ് നല്‍കിയിട്ടുണ്ട്.
സിദ്ദുവിന്‍റെ കൊലപാതകത്തില്‍ പഞ്ചാബ് പൊലീസിന്‍റെ മെല്ലെപ്പോക്ക് നയം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിദ്ദുവിന്‍റെ സരക്ഷ വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് ഭഗവത് മന്‍ സര്‍ക്കാരും വിമര്‍ശനം നേരിട്ടു. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് ഗുണ്ടാനേതാക്കള്‍ക്ക് ഹാജരാകാനുള്ള നോട്ടിസ് അയയ്ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഫരീദ്കോട്ട് റേഞ്ച് ഐജി പ്രദീപ് യാദവ് പറഞ്ഞു.