ലഖ്‌നൗ:27 മാസത്തെ തടവിന് ശേഷം ഉത്തര്‍പ്രദേശിലെ ലഖ്‌നൗ ജില്ല ജയിലില്‍ നിന്നും മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മോചിതനായി. ആള്‍ ജാമ്യം ഉള്‍പ്പടെയുള്ള ജാമ്യ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് മോചനം. ഒപ്പമുള്ള നിരപരാധികള്‍ ഇപ്പോഴും ജയിലിലാണെന്നും പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്നും ജയില്‍ മോചിതനായ ശേഷം സിദ്ദീഖ് കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മോചന ഉത്തരവ് ഇന്നലെ തന്നെ ലഖ്‌നൗ ജയിലിലേക്ക് അയച്ചിരുന്നതായി സിദ്ദീഖ് കാപ്പന്‍റെ അഭിഭാഷകന്‍ മുഹമ്മദ് ധനീഷ് കെ എസ് പറഞ്ഞു. ആള്‍ ജാമ്യത്തിന്‍റെ രേഖകള്‍ തിങ്കളാഴ്‌ച പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ ജയില്‍ മോചിതനാകേണ്ടതായിരുന്നു സിദ്ദീഖ് കാപ്പന്‍. എന്നാല്‍ ജഡ്‌ജി അവധിയിലായിരുന്നതിനാല്‍ നടപടികള്‍ പൂര്‍ത്തിയായില്ല. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകവെയാണ് 2020 ഒക്‌ടോബര്‍ 5ന് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്.