ന്യൂഡൽഹി:ഹത്രാസ് കേസുമായി ബന്ധപ്പെട്ട് 2020 ഒക്‌ടോബർ മുതൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയെ സുപ്രീം കോടതിയിൽ എതിർത്ത് യുപി സർക്കാർ. സിദ്ദിഖ് കാപ്പന് തീവ്രവാദ ഫണ്ടിങ് സംഘടനകളായ പോപ്പുലർ ഫ്രണ്ട്, അതിന്‍റെ വിദ്യാർഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണമാണ് യുപി സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ സംഘടനകൾക്ക് തുർക്കിയിലെ ഐഎച്ച്എച്ച് പോലുള്ള അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും യുപി സർക്കാർ.
കാപ്പന്‍റെ ഹർജികൾ അസത്യങ്ങളും വൈരുദ്ധ്യങ്ങളും വസ്‌തുതാവിരുദ്ധമായ കാര്യങ്ങളും നിറഞ്ഞതാണെന്ന് യുപി സർക്കാർ കോടതിയിൽ ആരോപിച്ചു. 2009 മുതൽ കാപ്പൻ ജിദ്ദയിലെ ഗൾഫ് തേജസ് ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ഇത് ഇന്ത്യയിൽ മതപരമായ അസ്വാരസ്യം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളത്തിലെ മുഖപത്രമാണെന്നും ആരോപിക്കുന്നു.
അറസ്റ്റ് ചെയ്യുമ്പോൾ കാപ്പനിൽ നിന്ന് നാല് തിരിച്ചറിയൽ രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ രണ്ടെണ്ണം തേജസ് ഡെയ്‌ലിയുടേതാണ്. ഹത്രാസ് ഇരയുടെ കുടുംബത്തെ കാണാനും ഭിന്നതയുണ്ടാക്കാനും ഭീകരത പടർത്താനും ലക്ഷ്യമിട്ടുള്ള പിഎഫ്ഐ/സിഎഫ്ഐ പ്രതിനിധി സംഘത്തിന്‍റെ ഭാഗമായിരുന്നു കാപ്പൻ എന്നും ഉത്തർപ്രദേശ് സർക്കാർ ആരോപിക്കുന്നു.
കാപ്പനൊപ്പം അറസ്റ്റിലായ യാത്രയ്ക്ക് സാമ്പത്തിക സഹായം നൽകിയ റൗഫ് ഷെരീഫിന്‍റെ നിർദേശപ്രകാരമാണ് പ്രതിനിധി സംഘത്തെ ഹത്രാസിലേക്ക് അയച്ചത്. സിഎഫ്ഐയുടെ സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്യുന്നയാളും നാഷണൽ ജനറൽ സെക്രട്ടറിയുമാണ് റൗഫ് ഷെരീഫ്. കലാപകാരികൾക്കുള്ള "ലഹള 101" എന്ന പേരിലുള്ള 17 പേജുള്ള ലഘുലേഖയുടെ 3 സെറ്റ് കാപ്പന്‍റെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. പൊലീസിൽ നിന്ന് എങ്ങനെ ഒളിക്കാം, ഏത് കലാപങ്ങളിൽ പങ്കെടുക്കണം, കലാപം നടത്തുന്ന സ്ഥലം തിരിച്ചറിയാനുള്ള മാർഗങ്ങൾ എന്നിവയാണ് ലഘുലേഖയിലെ ഉള്ളടക്കമെന്നും യുപി സർക്കാർ ആരോപണം ഉന്നയിക്കുന്നു.
കുറ്റപത്രം സമർപ്പിച്ചെങ്കിലും മുഴുവൻ തീവ്രവാദ സംഘത്തെ കുറിച്ചും അന്വേഷണം തുടരുകയാണ്. അറസ്റ്റിലാകുമ്പോൾ കലാപങ്ങളിൽ മുൻപ് പ്രതി ചേർക്കപ്പെട്ടവർക്കൊപ്പമായിരുന്നു കാപ്പൻ യാത്ര ചെയ്‌തിരുന്നത്. കൂടെയുണ്ടായിരുന്നവരിൽ അതിക്-ഉർ-റഹ്മാൻ സിഎഫ്ഐയുടെ ട്രഷററും മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ആളുമാണ്. മസൂദ് അഹമ്മദ് സിഎഫ്‌ഐ ഡൽഹി മുൻ ജനറൽ സെക്രട്ടറിയും ബെഹ്‌റൈച്ച് കലാപവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനുമാണ്. കാപ്പൻ തന്‍റെ ചുമതലകൾ മാത്രം നിർവഹിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നുവെങ്കിൽ എന്തിനാണ് കലാപങ്ങളിലെ പ്രതികൾക്കൊപ്പം യാത്ര ചെയ്‌തതെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. കാപ്പന്‍റെ അക്കൗണ്ടിൽ എത്തിയ 45000 രൂപയ്ക്ക് വിശദീകരണം കിട്ടിയില്ലെന്നും യുപി സർക്കാർ വ്യക്തമാക്കുന്നു.
ക്രിമിനൽ നടപടികളെ പരാജയപ്പെടുത്താൻ നിയമപരമായ പഴുതുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ഈ കേസിലെ പ്രതികൾക്ക് നന്നായി അറിയാം. കൂട്ടുപ്രതിയായ ഡാനിഷ് ഹൈക്കോടതിയിൽ നിന്ന് "സ്റ്റേ ഓഫ് അറസ്റ്റ്" ഉത്തരവ് നേടിയെങ്കിലും കോടതിയിൽ ഹാജരാകാത്തതിനാൽ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും യുപി സർക്കാർ വാദിച്ചു.
ഹത്രാസ് ഗൂഢാലോചന കേസിൽ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തുള്ള കാപ്പന്‍റെ ഹർജിയിൽ കഴിഞ്ഞ മാസമാണ് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.