ലഖ്‌നൗ (ഉത്തര്‍പ്രദേശ്) :കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചുള്ള കേസിലും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി. സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചിലെ ജസ്‌റ്റിസ് ദിനേശ് കുമാര്‍ സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ അദ്ദേഹത്തിന്‍റെ ജയില്‍മോചനം സാധ്യമായേക്കും.
ഇഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം ; ജയില്‍മോചനം സാധ്യമായേക്കും
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഫയല്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി
ദളിത് യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നറിഞ്ഞ് ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പന്‍ അറസ്‌റ്റ് ചെയ്യപ്പെടുന്നതും തുടര്‍ന്ന് ലഖ്‌നൗ ജില്ല ജയിലില്‍ അടയ്ക്കപ്പെടുന്നതും. അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സിദ്ദിഖ് കാപ്പനും മറ്റ് മൂന്നുപേര്‍ക്കും ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കേസില്‍ സെപ്‌റ്റംബറില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ഫയല്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹം ജയിലില്‍ തുടരുകയായിരുന്നു.
2020 ഒക്‌ടോബറില്‍ അദ്ദേഹം അറസ്‌റ്റിലാകുമ്പോള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണിച്ച് സിദ്ദിഖ് കാപ്പനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ), ഇൻഫർമേഷൻ ടെക്‌നോളജി നിയമം (ഐടി ആക്‌റ്റ്) എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയിരുന്നു.