ഹൂബ്ലി (കർണാടക) :ശാരീരിക വെല്ലുവിളികള്‍ക്കിടയിലും മനക്കരുത്തുകൊണ്ട് നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൂബ്ലി സ്വദേശിയായ സിദ്ധാർഥ ബല്ലാരി. 18 വയസിനിടെ 26 തവണയാണ് സിദ്ധാര്‍ഥ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശരീരത്തിൽ 6,500 ലധികം തുന്നലുകളുണ്ട്.
പ്രതിസന്ധികളെ അതിജീവിച്ച് മനസ്ഥൈര്യത്താല്‍ വിജയക്കുതിപ്പ് തുടരുകയാണ് സിദ്ധാർഥ. ഇന്റർനാഷണൽ സ്പോർട്സ് ഫെഡറേഷന്റെ മത്സരവേദിയില്‍ (ഐഎസ്എഫ്) രാജ്യത്തെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. ഐഎസ്എഫ് മീറ്റിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടം, ലോങ് ജംപ് എന്നീ ഇവന്റുകളിലാകും താരം മത്സരിക്കുക.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പാരാ സ്പോർട്സ് ഇവന്റുകളിൽ നിരവധി മെഡലുകൾ ഇതിനോടകം സിദ്ധാർഥ നേടിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് 19-ാമത് ഇന്റർനാഷണൽ സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എഫ്) സംഘടിപ്പിക്കുന്ന ഇവന്റിൽ രാജ്യത്തെ പ്രതിനിധീകരിക്കാനും അവസരം ലഭിച്ചത്. മെയ് 14 മുതൽ ഫ്രാൻസിലാണ് മത്സരങ്ങള്‍.