ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ആദ്യഘട്ടത്തില്‍ മുതിര്‍ന്ന എട്ട് എംഎല്‍എമാരാണ് മന്ത്രിമാരായി ചുമതലയേറ്റത്. ബെംഗളൂരു ശ്രീ കണ്‌ഠീരവ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കിയാണ് കർണാടകയില്‍ കോൺഗ്രസ് സർക്കാർ അധികാരമേറ്റത്.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡി, സതീഷ് ജാർക്കിഹോളി, മുൻ ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വർ, മുൻ കേന്ദ്രമന്ത്രി കെഎച്ച് മുനിയപ്പ, കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി പ്രസഡന്‍റ് എം ബി പാട്ടീൽ, മുൻ മന്ത്രി കെ ജെ ജോർജ്, ജമീർ അഹമ്മദ്, എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ എന്നിവരാണ് ചുമതലയേറ്റ മന്ത്രിമാര്‍. ജാതി, മേഖല, സീനിയോറിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ എട്ടുപേര്‍ ആദ്യഘട്ടത്തില്‍ ചുമതലയേറ്റത്.
മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യയുടെ രണ്ടാം ഊഴമാണിത്. കര്‍ണാടകയുടെ 24-ാമത് മുഖ്യമന്ത്രിയായാണ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തത്. നിരവധി ദേശീയ നേതാക്കളാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, മക്കള്‍ നീതി മയ്യം നേതാവും സിനിമ താരവുമായ കമല്‍ ഹാസന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.