ബെംഗളൂരു : ലോക്‌ദളില്‍ രാഷ്‌ട്രീയ പ്രവേശനം, പിന്നെ ജനത പാർട്ടിയില്‍, അവിടെ നിന്ന് ജനതാദളില്‍.. പിന്നെ ജെഡിഎസില്‍... ഒടുവില്‍ കോൺഗ്രസില്‍... 1977ല്‍ തുടങ്ങിയ രാഷ്‌ട്രീയ ജീവിതം 2023ല്‍ എത്തി നില്‍ക്കുമ്പോൾ കർണാടകയിലെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു കഴിഞ്ഞു... ഇത് തന്‍റെ അവസാനത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. പക്ഷേ സിദ്ധരാമയ്യയുടെ സ്വന്തം മണ്ഡലമായ വരുണയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മകനും മുൻ എംഎല്‍എയുമായ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞത് 'എന്‍റെ അച്ഛൻ കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്നാണ്'...
'അതേ ആഗ്രഹം സഫലമാകുകയാണ്': വീണ്ടും മുഖ്യമന്ത്രിയാകുക എന്ന സ്വപ്‌നം എന്നും ഖാർഗെയുടെ മനസിലുണ്ടായിരുന്നു. ജെഡിഎസ് വിട്ട് കോൺഗ്രസിലെത്തി ഏഴാം വർഷം മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയെ മറികടന്ന് കോൺഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയ്‌ക്ക് ഇത്തവണയും അത് ബുദ്ധിമുട്ടാകില്ല. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ച ഡികെ ശിവകുമാറിനെ മറികടന്ന് മുഴുവൻ എംഎല്‍എമാരുടെയും പിന്തുണ നേടിയെടുക്കുക എന്നത് പാർട്ടി പ്രവർത്തകർക്കിടയില്‍ സിദ്ധു എന്നറിയപ്പെടുന്ന സിദ്ധരാമയ്യയ്‌ക്ക് ബുദ്ധിമുട്ടാകില്ലെന്നാണ് വിലയിരുത്തല്‍.
2013ല്‍ ആദ്യം മുഖ്യമന്ത്രിയായപ്പോഴും ഖാർഗെയെ മറികടന്നത് എംഎല്‍എമാരുടെ പിന്തുണ കൊണ്ടായിരുന്നു എന്നതും കൗതുകകരമാണ്. അതേ ഖാർഗെയാണ് ഇന്ന് കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷൻ എന്നത് രാഷ്‌ട്രീയത്തിലെ കൗതുകം ഇരട്ടിയാക്കുന്നുണ്ട്. സോഷ്യലിസ്റ്റ് ചേരിയില്‍ നിന്നുകൊണ്ട് കോൺഗ്രസിനെ വിമർശിച്ചിരുന്ന സിദ്ധരാമയ്യ ഇന്ന് കർണാടക കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവായി മാറിയത് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യമായി നിലനില്‍ക്കുകയാണ്.
'സോഷ്യലിസ്റ്റായിരുന്നു': മൈസൂർ ജില്ലയിലെ വരുണയില്‍ ജനിച്ച സിദ്ധരാമയ്യ, 1977ൽ ലോക്‌ദളിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. 1983ല്‍ അപ്രതീക്ഷിത ജയവുമായി നിയമസഭയിലെത്തി. പിന്നീട് ജനത പാർട്ടിയിലെത്തിയ സിദ്ധരാമയ്യ 1985ല്‍ വീണ്ടും നിയമസഭയിലെത്തി. 1989ല്‍ ജനത ദളിലെത്തി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയമറിഞ്ഞു. 1999ല്‍ ദേവഗൗഡയുടെ ജെഡിഎസില്‍ ചേർന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അടുത്ത തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാർഥിയായി നിയമസഭയിലെത്തി. 2005ല്‍ ദേവഗൗഡയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചെങ്കിലും ആ പാർട്ടിയെ കോൺഗ്രസുമായി ലയിപ്പിച്ചു. 2006ല്‍ കോൺഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തി. ഒടുവില്‍ 2013ല്‍ കർണാടക മുഖ്യമന്ത്രിയുമായി. 2018ലും കോൺഗ്രസിനെ തെരഞ്ഞെടുപ്പില്‍ നയിച്ചെങ്കിലും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടു കൊടുത്ത് സഖ്യസർക്കാരിന്‍റെ ഭാഗമായി.
2023ല്‍ എത്തുമ്പോൾ അത് തന്‍റെ അവസാന നിയമസഭ തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇത്തവണ വരുണ മണ്ഡലത്തില്‍ ജനവിധി തേടിയ സിദ്ധരാമയ്യയെ തോല്‍പ്പിക്കാൻ ബിജെപി നേതാവും മന്ത്രിയുമായ വി സോമണ്ണ ആണ് മത്സര രംഗത്തുണ്ടായിരുന്നത്. ശക്തമായ പ്രചാരണത്തിലും വീഴാതെ സിദ്ധരാമയ്യ ജയിച്ച് നിയമസഭയിലെത്തി. ലിംഗായത്ത് സമുദായത്തിന്‍റെ പിന്തുണയും അമിത് ഷായും യെദ്യൂരപ്പയും നേരിട്ടെത്തി നടത്തിയ പ്രചാരണവും ഒന്നും ബിജെപിക്ക് വോട്ടായി മാറിയില്ല.
ഒരു ദിവസം ഞാൻ വീണ്ടും കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പറഞ്ഞ സിദ്ധരാമയ്യയെ ബിജെപി നേതാക്കൾ കളിയാക്കിയിരുന്നു. പക്ഷേ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കന്നഡത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ മുഴുവൻ നേതാവായി വിധാൻ സൗധയിലേക്ക് നടന്നുകയറുകയാണ് സിദ്ധരാമയ്യ.