ജയ്‌പൂര്‍: അടങ്ങാത്ത അഭിനിവേശവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഏതുകാര്യത്തിലും വിജയം സുനിശ്ചിതമാണെന്ന് പറയാറുണ്ട്. ഇത് അന്വര്‍ഥമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍- ഭിൽവാര ജില്ലയിലെ റുഹേപാലി ഗ്രാമത്തിലെ സഹോദരങ്ങളായ വീർ വീരേന്ദ്ര വിക്രം ദേവ് സിങും സത്യേന്ദ്ര സിങും. മരുധാരയിലെ ഒരേക്കര്‍ ഇരുപത് സെന്‍റിലാണ് കൃഷി. വേനൽക്കാലത്തും ഇവര്‍ അനാര്‍ കൃഷി ചെയ്യുന്നു.
സഹോദരന്മാരില്‍ മൂത്തയാള്‍ നേരത്തെ മഹാരാഷ്‌ട്രയിൽ ട്രാക്‌ടര്‍ കംപ്രസറിന്‍റെ വില്‍പ്പന രംഗത്തുണ്ടായിരുന്നു. ജോലിക്കിടെ മാതളനാരങ്ങ കൃഷി ശ്രദ്ധയില്‍പ്പെട്ടാണ് ഇതുപരീക്ഷിക്കാന്‍ തീരുമാനിച്ചത്. കാണ്ഡാരി ഇനത്തില്‍പ്പെട്ട അനാര്‍ തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്.
മഹാരാഷ്‌ട്രയിൽ മാത്രം കൃഷി ചെയ്യുന്ന ഇനമാണ് കാണ്ഡാരി. എന്നാല്‍ ആ ഇനം അവിടെ ഇല്ലാതായി കൊണ്ടിരിയ്ക്കുകയാണ്. കാണ്ഡാരിയുടെ വിത്ത് പൂർണമായും ചുവന്നതാണ്. ഒരേക്കര്‍ 20 സെന്‍റ് സ്ഥലത്ത് നാലായിരത്തിലധികം മാതളനാരക തൈകള്‍ ഇവര്‍ വച്ചിട്ടുണ്ട്. കിലോയ്ക്ക് 100 മുതൽ 120 രൂപ വരെ മൊത്തവിലയ്ക്കാണ് വില്‍പ്പന.
അനാര്‍ കൃഷിയില്‍ സഹോദരങ്ങളുടെ വിജയഗാഥ വിള ഭ്രമണ രീതി പിന്തുടരുന്നതിലാണ് രാജസ്ഥാനില്‍ വേനൽക്കാലത്ത് മാതളനാരങ്ങയുടെ ഉത്പാദനം സാധ്യമാകുന്നതെന്ന് സഹോദരന്മാര്‍ പറയുന്നു. ശൈത്യകാലത്ത് തൈകള്‍ പൂവിടുമ്പോൾ നശിപ്പിയ്ക്കും. അങ്ങനെ വേനൽക്കാലത്ത് മാത്രമാണ് ഉത്പാദനം നടത്തുന്നത്. വേനൽക്കാലത്ത് ഇതിന് നല്ല വില ലഭിക്കും. ചെലവ് കഴിഞ്ഞാല്‍ ഒരു വര്‍ഷം 50 മുതൽ 60 ലക്ഷം രൂപ വരെ ലാഭമുണ്ടെന്നാണ് ഇരുവരും പറയുന്നത്.
കൃഷിക്കായി സ്ഥലമുണ്ടെങ്കിൽ ഇതിനെക്കാൾ മികച്ച വരുമാനമാര്‍ഗമില്ലെന്നാണ് ഇവരുടെ പക്ഷം. പഠനം കഴിഞ്ഞ ശേഷം യുവാക്കൾ തൊഴിലിനായി അലയാതെ താല്‍പ്പര്യപൂര്‍വം കൃഷിയിലേക്കിറങ്ങണമെന്നും ഇവര്‍ പറയുന്നു. പരമ്പരാഗത കൃഷിക്ക് പുറമെ ലോഫ് ഹോർട്ടികൾച്ചറും യുവാക്കൾ ചിന്തിക്കണമെന്നും ഇതിലൂടെ മറ്റുള്ളവർക്കും തൊഴിൽ നൽകാന്‍ കഴിയുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പക്ഷികളിൽ നിന്ന് മാതളത്തെ സംരക്ഷിക്കാൻ പൂന്തോട്ടത്തിൽ വല സജ്ജീകരിച്ചിട്ടുണ്ട്. ഡ്രിപ്പ് സംവിധാനത്തിലൂടെയാണ് നന. ഇതിലൂടെ വെള്ളം ലാഭിയ്ക്കാം. രാജസ്ഥാനിലെ മറ്റ് ജില്ലകളിലേക്ക് ഇവിടെ നിന്ന് അനാര്‍ എത്തിച്ചും വില്‍പ്പന നടത്തുന്നു. കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് അനാര്‍ കൃഷിയില്‍ വിജയഗാഥ രചിയ്ക്കുകയാണ് ഈ സഹോദരങ്ങള്‍.