ചെന്നൈ: എസ്‌ഐ വിൽസണെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കൊലപാതകത്തിനായി നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ഷിഹാബുദ്ദീൻ അലിയാസ് സിറാജുദ്ദീൻ ഖാലിദ് (39) ആണ് പിടിയിലായത്. ഖത്തറിൽ നിന്ന് ചെന്നൈയിലെത്തി ഒളിവിൽപോയ ഇയാളെ എൻഐഎ ആണ് അറസ്റ്റ് ചെയ്‌തത്.
എസ്‌ഐ വിൽസൺ കൊലപാതകക്കേസ്; ഒരാൾകൂടി പിടിയിൽ
കൊലപാതകത്തിനായി നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ഷിഹാബുദ്ദീൻ അലിയാസ് സിറാജുദ്ദീൻ ഖാലിദ് (39) ആണ് പിടിയിലായത്.
തമിഴ്‌നാട് പൊലീസിൽ സ്‌പെഷ്യൽ എസ്‌ഐ ആയിരുന്ന വിൽസണെ ജനുവരി എട്ടിനാണ് തൗഫീക്ക്, അബ്‌ദുൾ ഷമീം എന്നവർ ചേർന്ന് കളിയിക്കാവിള ചെക്ക്പോസ്റ്റിൽ വെച്ച് കൊലപ്പെടുത്തിയത്. ഇവർ പിന്നീട് പൊലീസ് പിടിയിലായി. തുടർന്ന് നടന്ന അന്വേഷണത്തിൽ പൊലീസ് പ്രതികളുടെ തീവ്രവാദ ബന്ധം കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് എൻഐഎ ഏറ്റെടുത്തു. കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം വെടിവെച്ചാണ് പ്രതികൾ വിൽസണെ കൊലപ്പെടുത്തിയത്. തുടർന്ന് എൻഐഎ നടത്തിയ അന്വേഷണത്തിൽ ആയുധം എത്തിച്ചവരും ഗൂഢാലോചനയിൽ ഭാഗമായവരുമായ ഖജാ മൊഹീദീൻ, മഹാബൂബ് പാഷ, ഇജാസ് പാഷ, ജാഫർ അലി, ഷിഹാബുദ്ദീൻ അലിയാസ് സിറാജുദ്ദീൻ ഖാലിദ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തു.
ഐപിസിയുടെ 120 ബി, 302, 353, 506, 34 വകുപ്പുകൾ പ്രകാരം അബ്ദുൾ ഷമീം, തൗഫീക്ക്, ഖജാ മൊഹീദീൻ, മഹബൂബ് പാഷ, ഇജാസ് പാഷ, ജാഫർ അലി എന്നിവർക്കെതിരെ 2020 ജൂലൈ പത്തിനാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തേക്ക് കടന്ന സിറാജുദ്ദീൻ ഖാലിദിനെതിരെ അന്വേഷണം തുടരുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.