ഭുവനേശ്വര്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യം. ഒഡിഷ ആസ്ഥാനമായുള്ള ശ്രീ ജഗന്നാഥ സേന എന്ന സംഘടനയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ രാഷ്‌ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ ആവശ്യപ്പെട്ടത്. 105.6 കാരറ്റ് വരുന്ന വജ്രം പുരി ക്ഷേത്രത്തിലെ ജഗന്നാഥ ഭഗവാന്‍റേതാണെന്നാണ് സംഘടനയുടെ വാദം.
14-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി പറയപ്പെടുന്ന കോഹിനൂര്‍ വജ്രം ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിന് പിന്നാലെയാണ് വിക്‌ടോറിയ രാജ്ഞിയുടെ കൈവശമെത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജാവായ ചാള്‍സ് മൂന്നാമന്‍റെ ഭാര്യ കോൺവാൾ ഡച്ചസ് കാമിലയ്ക്ക് ആണ് ഈ അമൂല്യ വസ്‌തുവിന്‍റെ അവകാശം ഇനി ലഭിക്കുക.
പഞ്ചാബ് രാജാവ് ഇഷ്‌ടദാനം നല്‍കിയ 'കോഹിനൂര്‍':കോഹിനൂർ വജ്രം ശ്രീ ജഗന്നാഥ ഭഗവാന്‍റേതാണ്. അത് ഇപ്പോൾ ബ്രിട്ടീഷ് രാജ്ഞിയുടെ പക്കലാണുള്ളത്. മഹാരാജ രഞ്ജിത് സിങ് തന്‍റെ ഇഷ്‌ടപ്രകാരം ജഗന്നാഥ ദൈവത്തിന് ദാനം ചെയ്‌ത കോഹിനൂര്‍ വജ്രം ഇന്ത്യയിലേക്ക് തിരികെയെത്തിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണമെന്നാണ് ജഗന്നാഥ സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് നല്‍കിയ നിവേദനത്തില്‍ പറയുന്നത്.
ഇതേ ആവശ്യമുന്നയിച്ച് 2016ല്‍ രാജ്ഞിക്ക് കത്ത് അയച്ചിരുന്നതായി സേന കണ്‍വീനര്‍ പ്രിയ ദര്‍ശന്‍ പട്‌നായിക് പറഞ്ഞു. യുണൈറ്റഡ് കിങ്‌ഡം ഗവൺമെന്‍റിനോട് നേരിട്ട് അപേക്ഷിക്കാനാണ് കത്തിന് ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്ന് ലഭിച്ച മറുപടി. തനിക്ക് ഇംഗ്ലണ്ടിലേക്കുള്ള വിസ നിഷേധിച്ചിരുന്നെന്നും അതിനാലാണ് ഇക്കാലയളവില്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കാതിരുന്നതെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു.