ന്യൂഡൽഹി : ശ്രദ്ധ വാക്കർ കൊലപാതക കേസിൽ പ്രതി അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കരട് കുറ്റപത്രം തയ്യാറാക്കിയതായി ഡൽഹി പൊലീസ്. ഇതില്‍ 100 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ ഫോറൻസിക്, ഇലക്‌ട്രോണിക് തെളിവുകളും ചേര്‍ത്തിട്ടുണ്ട്. ജനുവരി അവസാനത്തോടെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചേക്കും.
ജനുവരി നാലിന് വനമേഖലയിൽ നിന്ന് കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ റിപ്പോർട്ടും പൊലീസ് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന് പുറമെ അഫ്‌താബ് പൂനവാലയുടെ കുറ്റസമ്മത മൊഴിയും നാർക്കോ ടെസ്റ്റിന്‍റെ റിപ്പോർട്ടും കുറ്റപത്രത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ കരട് നിയമവിദഗ്‌ധർ പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
2022 മെയ് 18 നാണ് ഡൽഹിയിലെ ഛത്തർപൂർ പ്രദേശത്ത് വച്ച് അഫ്‌താബ് പൂനവാല തന്‍റെ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്‌ണങ്ങളാക്കിയത്. ശേഷം ശരീരഭാഗങ്ങൾ നഗരത്തിന്‍റെ പല ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. മുംബൈയിലെ കോൾ സെന്‍ററിൽ ജോലി ചെയ്‌തിരുന്ന ഇരുവരും ഡേറ്റിങ്ങ് ആപ്ലിക്കേഷനിലൂടെയാണ് പരിചയപ്പെട്ടത്.
പ്രണയത്തിലായ ഇരുവരും കുടുംബത്തിന്‍റെ എതിർപ്പ് കാരണം ഡൽഹിയിലേയ്‌ക്ക് താമസം മാറുകയായിരുന്നു. ഇതിനിടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. ശ്രദ്ധയുടെ സുഖവിവരങ്ങൾ തിരക്കി പിതാവ് വികാസ് വാക്കർ അഫ്‌താബിനെ വിളിക്കുകയും എന്നാൽ യുവതിയുമായുള്ള ബന്ധം വേർപ്പെടുത്തിയതായി അഫ്‌താവ് പറഞ്ഞതുമാണ് കേസിന് വഴിത്തിരിവായത്.
ശ്രദ്ധയെ ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നപ്പോൾ പിതാവ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പിന്നീട് അഫ്‌താബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൊമാറ്റോ വഴി രണ്ടുപേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്‌തിരുന്ന അഫ്‌താബ് മെയ് മാസം മുതൽ ഒരാൾക്ക് മാത്രമേ ഓർഡർ ചെയ്‌തിരുന്നുള്ളൂ എന്ന് കണ്ടെത്തി. അഫ്‌താബിന്‍റെ ഇന്‍റർനെറ്റ് ഹിസ്‌റ്ററിയും ഇരുവരും ഉപയോഗിച്ച ഡേറ്റിങ്ങ് ആപ്പിലെ വിവരങ്ങളും കേസിലെ നിർണായക തെളിവുകളായി.