ന്യൂഡൽഹി : ശ്രദ്ധ വാക്കർ കൊലക്കേസിൽ കുറ്റാരോപിതനായ അഫ്‌താബ് അമിൻ പൂനവാലയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത് ശരിവച്ച് ഡൽഹി കോടതി. ലിവ് ഇൻ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ചൊവ്വാഴ്‌ചയാണ് കോടതി അഫ്‌താബിനെതിരെ അന്വേഷണസംഘം ചുമത്തിയ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ശരിവച്ചത്. ഡൽഹി അഡീഷണൽ സെഷൻസ് ജഡ്‌ജി മനീഷ ഖുറാന കക്കറിന്‍റേതാണ് നിരീക്ഷണം.
ഇത് പ്രകാരം പ്രതിക്കെതിരെ ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (കുറ്റകൃത്യത്തിന്‍റെ തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകളാണ് ആരോപിച്ചിരുന്നത്. എന്നാൽ അഫ്‌താബ് കുറ്റം നിഷേധിക്കുകയും വിചാരണ ആവശ്യപ്പെടുകയും ചെയ്‌തു. ജൂൺ ഒന്നിനാണ് കേസിൽ വിചാരണ ആരംഭിക്കുക. ജനുവരി 24 ന് ഡൽഹി പൊലീസ് കേസിൽ 6629 പേജുകളുള്ള ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു.
also read :ശ്രദ്ധ വാക്കർ കൊലക്കേസ് : അഫ്‌താബ് പൂനവാലയ്‌ക്കെതിരെ 3000 പേജുള്ള കുറ്റപത്രം, 100 സാക്ഷികൾ
കേസിനാസ്‌പദമായ സംഭവം : 2022 മെയ് 18നായിരുന്നു ഡൽഹിയിൽ വച്ച് അഫ്‌താബ് ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്‌ണങ്ങളാക്കി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരും കുടുംബത്തിന്‍റെ എതിർപ്പ് കാരണം ഡൽഹിയില്‍ താമസമാക്കുകയും ഇതിനിടയിൽ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ശ്രദ്ധയുടെ പിതാവ് വികാസ് വാക്കർ യുവതിയുമായി ബന്ധപ്പെടാൻ നടത്തിയ അന്വേഷണമാണ് കൊലപാതക വിവരം വെളിച്ചത്ത് വരാൻ വഴിത്തിരിവായത്. യുവതിയുമായി ബന്ധം വേർപെടുത്തിയെന്നാണ് അഫ്‌താബ് പൂനവാല ശ്രദ്ധയുടെ പിതാവിനോട് പറഞ്ഞത്. സംശയം തോന്നിയ വികാസ് വാക്കർ നവംബർ 14 ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.