ബിലാസ്‌പൂർ (ഛത്തീസ്‌ഗഡ്): മുട്ട കടം കൊടുക്കാത്തതിന്‍റെ പേരിൽ കടയുടമയെ തട്ടിക്കൊണ്ട് പോയ പ്രതികൾ അറസ്റ്റിൽ. ഛത്തീസ്‌ഗഡിലെ ബിൽഹ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബർതോരി ഗ്രാമത്തിൽ താമസിക്കുന്ന യോഗേഷ് വർമയേയാണ് ദീപക് ചതുർവേദി, രാഹുൽ കുമാർ ഭാസ്‌കർ, പരമേശ്വർ ഭരദ്വാജ് എന്നീ പ്രതികൾ ചേർന്ന് തട്ടിക്കൊണ്ട് പോയത്. പ്രതികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഏപ്രിൽ 20നാണ് മുട്ട ആവശ്യപ്പെട്ടുകൊണ്ട് യോഗേഷ് വർമയുടെ ബിൽഹയിലെ ബിരിയാണി സെന്‍ററിലേക്ക് പ്രതികൾ എത്തിയത്. പണം ഇല്ലെന്നും മുട്ടകൾ കടമായി തരണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ യോഗേഷ് വർമ കടമായി മുട്ട നൽകാന്‍ വിസമ്മതിച്ചു.
തുടർന്ന് പ്രതികൾ യോഗേഷ് വർമയുമായി തർക്കത്തിൽ ഏർപ്പെട്ട ശേഷം സംഭവ സ്ഥലത്ത് നിന്ന് മടങ്ങി. തുടർന്ന് പ്രതികൾ അന്ന് വൈകിട്ട് 5.30 ഓടെ വീണ്ടും കടയിൽ എത്തുകയും യോഗേഷിനെ നിർബന്ധിച്ച് കാറിലേക്ക് കയറ്റുകയുമായിരുന്നു. പിന്നാലെ പ്രതികൾ ഇയാളെ കൊഹ്‌രാഡ ഗ്രാമത്തിലെ മുക്തിധാം എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി.
വഴിയിലുടനീളവും സ്ഥലത്തെത്തിയതിന് ശേഷവും പ്രതികൾ യോഗേഷിനെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ യോഗേഷിനെ തട്ടിക്കൊണ്ടി പോയി എന്ന പരാതി ബിൽഹ പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
പ്രതികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ മുക്തിധാമിന് സമീപം ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് എത്തിയതോടെ പ്രതികൾ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.