ന്യൂഡൽഹി:ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിനായി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കാനെത്തിയ ഷൂട്ടർ ദിശാന്ത് ദേയെ ഗുവാഹത്തി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. കേരളത്തിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് താരത്തെ തടഞ്ഞുവെച്ചത്. റൈഫിളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന് കാട്ടിയായിരുന്നു നടപടി.
റൈഫിളുമായി യാത്ര അനുവദിക്കില്ല; ഷൂട്ടിങ് താരത്തിന്‍റെ യാത്ര തടഞ്ഞ് ഇൻഡിഗോ കമ്പനി
തിരുവനന്തപുരത്ത് നടക്കുന്ന 65-ാമത് ദേശിയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഗുവാഹത്തി വിമാനത്താവളത്തിലെത്തിയ ഷൂട്ടിങ് താരം ദിശാന്ത് ദേയെയാണ് ഇൻഡിഗോ വിമാനക്കമ്പനി അധികൃതർ തടഞ്ഞുവെച്ചത്.
ദേശിയ റൈഫിൾ അസോസിയേഷനാണ് ഈ വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. '65-ാമത് ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇൻഡിഗോ 6E5226 ഫ്ലൈറ്റിൽ യാത്രചെയ്യാൻ ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ദിശാന്ത് ദേയ്‌ക്ക് നേരെ ഇൻഡിഗോ കമ്പനിയുടെ ക്രൂരത. തന്‍റെ എയർ റൈഫിൾ കൈവശം വെയ്ക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരുന്നിട്ടും എയർലൈൻ അനുമതി നിഷേധിക്കുന്നു.' റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്‌തു.
'ഒരു കായികതാരത്തിന്‍റെ ജീവിതം സംരക്ഷിക്കുക. അത്‌ലറ്റും അവന്‍റെ അമ്മയും സഹായമില്ലാതെ വിമാനത്താവളത്തിലാണ്,' എന്ന് പ്രധാനമന്ത്രിയേയും മറ്റ് പ്രമുഖരേയും മെൻഷൻ ചെയ്‌തുകൊണ്ട് മറ്റൊരു ട്വീറ്റും റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിങ് റേഞ്ചിൽ നവംബർ 20 മുതൽ ഡിസംബർ 9 വരെയാണ് 65-ാമത് ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുക.