കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ 'ഷൂട്ട് അറ്റ് സൈറ്റ്' ; ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍ അനുസിയ ഉയ്‌കെ

മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. സംഘര്‍ഷ ബാധിത മേഖലകളില്‍ അസം റൈഫിള്‍സിന്‍റെ സൈനികരെ വിന്യസിച്ചു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്‍റെ പ്രത്യേക സേനയും മണിപ്പൂരില്‍

manipur  Shoot at site order from govt of Manipur  മണിപ്പൂരിലെ ഗോത്ര വര്‍ഗ സംഘര്‍ഷം  ഷൂട്ട് അറ്റ് സൈറ്റ്  ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ്  റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്
ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍

By

Published : May 4, 2023, 7:29 PM IST

Updated : May 4, 2023, 8:13 PM IST

ഇംഫാല്‍ : മണിപ്പൂരില്‍ ഗോത്ര വര്‍ഗങ്ങളും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഷൂട്ട് അറ്റ് സൈറ്റിന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറോട് അനുമതി തേടിയിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ അനുസിയ ഉയ്‌കെ ഉത്തരവില്‍ ഒപ്പുവച്ചു.

ഗോത്ര വര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് യാതൊരു അയവുമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന അഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടത്. സംഘര്‍ഷ ബാധിത മേഖലകളില്‍ അസം റൈഫിള്‍സിന്‍റെ സൈനികരെ വിന്യസിച്ചു. സംഘര്‍ഷ ബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതി ഗതികള്‍ നിരീക്ഷിക്കുന്നതിനും മേഖലയിലുണ്ടാകുന്ന കലാപങ്ങള്‍ ചെറുക്കുന്നതിനും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്‍റെ ( RAF) പ്രത്യേക സേനയെ അയച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് സൈന്യം ഇംഫാല്‍ വിമാനത്താവളത്തിലെത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അനുനയിപ്പിക്കലും മുന്നറിയിപ്പുമെല്ലാം നടത്തിയിട്ടും സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ് പുറപ്പെടുവിക്കാമെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. 1973ലെ ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് പ്രകാരമാണ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മേഖലയില്‍ സൈന്യത്തെ രംഗത്തിറക്കി റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. ചുരാചന്ദ്പൂരിലെ ഖുഗ, താമ്പ, ഖോമന്‍ജാന്‍ബ്ബ എന്നിവിടങ്ങളിലാണ് സൈന്യം റൂട്ട് മാര്‍ച്ച് നടത്തിയത്. മന്ത്രിപുഖ്രി, ലാംഫെൽ, ഇംഫാൽ താഴ്‌വരയിലെ കൊയിറംഗി ഏരിയ, കാക്‌ചിംഗ് ജില്ലയിലെ സുഗ്‌നു എന്നിവിടങ്ങളിലും വ്യാഴാഴ്ച പതാക മാർച്ചും നടത്തിയിരുന്നുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.

എന്നാല്‍ ഇന്നും ആക്രമണങ്ങളും സംഘര്‍ഷങ്ങളും തുടര്‍ന്നു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടത്. മണിപ്പൂരിലെ മെയ്‌തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തെ ചൊല്ലി ഇന്നലെയാണ് മെയ്‌തേയി സമുദായവും മറ്റ് ഗോത്ര വര്‍ഗ വിഭാഗങ്ങളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടാനാരംഭിച്ചത്.

വിഷയം ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ : മണിപ്പൂരിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി ചര്‍ച്ച നടത്തി.

ആയിരക്കണക്കിനാളുകള്‍ക്ക് അഭയം നല്‍കി സൈന്യം : മണിപ്പൂരിലെ അക്രമ ബാധിത മേഖലകളില്‍ നിന്ന് നിരവധി പേരെയാണ് സൈന്യം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയത്. 9000 പേരെ സംഘം അക്രമ ബാധിത മേഖലകളില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതയിടത്തേക്ക് മാറ്റി. ചുരാചന്ദ്പൂരിലെ 5,000 പേരെയും ഇംഫാൽ താഴ്‌വരയിൽ 2,000 പേരെയും തെനുഗോപാൽ ജില്ലയിലെ അതിർത്തി പട്ടണമായ മോറെയിൽ 2,000 പേരെയുമാണ് സൈന്യം മാറ്റിയത്. കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തി നടക്കുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു.

ഗോത്ര വര്‍ഗങ്ങളും സംഘര്‍ഷങ്ങളും : കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങളും മറ്റ് വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചത്. മെയ്‌തേയി വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതിന് എതിരെ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ച് എന്ന പേരില്‍ ട്രൈബല്‍ സ്റ്റുഡന്‍സ് യൂണിയന്‍ മണിപ്പൂരിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ചുരചന്ദപൂര്‍ മേഖലയില്‍ സംഘര്‍ഷം ഉണ്ടാവുകയും തുടര്‍ന്ന് അത് അക്രമാസക്തമാവുകയുമായിരുന്നു.

വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ ഇതര വിഭാഗം അക്രമം അഴിച്ച് വിട്ടതാണ് മാര്‍ച്ചിന് കാരണമായത്. ചുരചന്ദപൂര്‍ ജില്ലയില്‍ തുടങ്ങിയ ഈ സംഘര്‍ഷം പിന്നീട് മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്‌തു. ഇംഫാല്‍ വെസ്റ്റ്, കാക്‌ചിങ്, തൗബാള്‍, ജിരിബാം, ബിഷ്‌ണുപൂര്‍ തുടങ്ങിയ ജില്ലകളിലെല്ലാം സംഘര്‍ഷം രൂക്ഷമായി. ഇതേ തുടര്‍ന്ന് സംഘര്‍ഷവും ആക്രമണങ്ങളും ഒഴിവാക്കാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും ആകാശത്തേക്ക് വെടിവയ്‌പ്പും നടത്തേണ്ടതായി വന്നു.

മണിപ്പൂരില്‍ ഇന്‍റര്‍നെറ്റിന് വിലക്ക് : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സംഘര്‍ഷം രൂക്ഷമായതോടെ മണിപ്പൂരില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചു. കൂടാതെ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്‌തു.

Last Updated : May 4, 2023, 8:13 PM IST

ABOUT THE AUTHOR

...view details