മുംബൈ : ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർക്കെതിരെ ഒരു വർഷത്തിലേറെയായി നിലനിൽക്കുന്ന അയോഗ്യത ഹർജികളിൽ അടിയന്തര വാദം കേൾക്കണമെന്ന് ശിവസേന യുബിടി വിഭാഗം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. അയോഗ്യത ഹർജിയിൽ തീരുമാനം വേഗത്തിലാക്കാൻ മഹാരാഷ്‌ട്ര നിയമസഭ സ്‌പീക്കർ രാഹുൽ നർവേക്കറോട് നിർദേശിക്കണമെന്നാണ് ശിവസേന യുബിടി നേതാവ് സുനിൽ പ്രഭു ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഏക്‌നാഥ് ഷിന്‍ഡെ - താക്കറെ വിഭാഗം എംഎല്‍എമാര്‍ക്ക് എതിരായ അയോഗ്യത ഹർജിയിൽ തീരുമാനം ഉണ്ടാക്കാൻ സ്‌പീക്കറോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു.
സുനിൽ പ്രഭുവിന്‍റെ അയോഗ്യത ഹർജി :ന്യായമായ സമയത്തിനുള്ളിൽ തീരുമാനം കൈകൊള്ളണമെന്നായിരുന്നു കോടതി നിർദേശം. ഇതേ തുടർന്ന് ഷിൻഡെ വിഭാഗത്തിലെ 40 എംഎൽഎമാരോടും താക്കറെ വിഭാഗത്തിലെ 14 അംഗങ്ങളോടും നടപടി ഒഴിവാക്കുന്നതിനായി മുഴുവൻ തെളിവുകളും ഹാജരാക്കാൻ സ്‌പീക്കർ ആവശ്യപ്പെടുകയും ചെയ്‌തു. ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർക്കെതിരെ 2022 ജൂൺ 23ന് താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭുവാണ് അയോഗ്യത ഹർജി നൽകിയത്. സ്‌പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്‌പീക്കറായ നർഹരി സിർവാളാണ് നോട്ടിസ് ഏറ്റുവാങ്ങിയത്.
ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലൈ നാലിന് നടപടി വേഗത്തിലാക്കാൻ പ്രഭു വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തീരുമാനം വേഗത്തിലുണ്ടാകണമെന്ന് കോടതി നിർദേശിച്ചെങ്കിലും സ്‌പീക്കർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രഭു നൽകിയ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ശിവസേനയുടെ ഭരണഘടന പതിപ്പ് ലഭിച്ചതായി രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞിരുന്നു.